National

ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജറിൻ്റെ മരണത്തിൽ മൗനം ആചരിച്ച് കനേഡിയൻ പാർലമെൻ്റ്, വിമർശിച്ച് ഇന്ത്യ

Spread the love

ഖലിസ്ഥാനി തീവ്രവാദി ഹർദീപ് സിങ് നിജ്ജറിൻ്റെ മരണത്തിൽ കാനഡയിലെ പാർലമെൻ്റ് മൗനം ആചരിച്ചു. ജൂൺ 18 നായിരുന്നു സംഭവം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെന്ന് വിമർശിച്ച് ഇതിനെതിരെ ഇന്ത്യ രംഗത്ത് വന്നു.

കഴിഞ്ഞ വർഷം ജൂൺ 18 നാണ് നിജ്ജർ വെടിയേറ്റ് കൊല്ലപ്പെട്ടത്. അജ്ഞതരായ സംഘം സറേയിലെ ഗുരുദ്വാരയ്ക്ക് സമീപത്ത് വച്ച് നിജ്ജറിനെ വെടിവെക്കുകയായിരുന്നു. സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം വഷളാക്കുകയും ചെയ്തു.

നിജ്ജർ കൊല്ലപ്പെട്ട് ഒന്നാം വാർഷികത്തിലാണ് കാനഡ പാർലമെൻ്റ് മരണത്തിൽ മൗനം ആചരിച്ചത്. ഇതിനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ രംഗത്തെത്തി. ഖലിസ്ഥാനി പ്രവർത്തനം ഇന്ത്യയെ സംബന്ധിച്ച് ഗുരുതരമായതാണ്. കാനഡ സർക്കാരിനോട് തുടർച്ചയായി ഖലിസ്ഥാനികൾക്കെതിരെ നടപടി ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യ വിരുദ്ധ തീവ്രവാദികൾക്ക് രാഷ്ട്രീയ അഭയം നൽകുന്നതും ഭീകരവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതും അവസാനിപ്പിച്ച് ഇതെല്ലാം തടയാൻ നടപടിയെടുക്കണമെന്നും ജയ്‌സ്വാൾ പറഞ്ഞു.

ജൂൺ 18 ന് കാനഡ പാർലമെൻ്റായ ഹൗസ് ഓഫ് കോമ്മൺസിൽ നടപടികൾ അവസാനിക്കാനിരിക്കെയാണ് സ്പീക്കർ ഗ്രെഗ് ഫെർഗസ് നിജ്ജർ വിഷയം അവതരിപ്പിച്ചത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികൾ ഇക്കാര്യം ആവശ്യപ്പെട്ടെന്നും അതിനാൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജറുടെ വിയോഗത്തിൽ ഓർമ്മപുതുക്കി ഒരു നിമിഷം മൗനം ആചരിക്കണം എന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ഹൗസ് ഓഫ് കോമ്മൺസിൽ അംഗങ്ങളാരം ഇതിനെ എതിർത്തില്ലെന്ന് മാത്രമല്ല, എല്ലാവരും എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു.