National

ഇന്ത്യക്ക് ഈ ദിവസം മറക്കാനാവില്ല’; മുംബൈ ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിൽ

Spread the love

2008 ലെ മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ‘മൻ കി ബാത്തിൽ’ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയും അദ്ദേഹം തന്റെ പ്രതിമാസ റേഡിയോ പ്രസംഗത്തിൽ ആവർത്തിച്ചു.

‘ഇന്നത്തെ ദിനം(നവംബർ 26) നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഈ ദിവസമാണ് രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയും വിറപ്പിച്ചു. പക്ഷേ, ആ ആക്രമണത്തിൽ നിന്ന് കരകയറിയ ഇന്ത്യയുടെ കരുത്താണ് ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുന്നത്. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം സ്മരിക്കുന്നു’- മോദി പറഞ്ഞു.

‘ഈ ദിവസത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യൻ ഭരണഘടന പാസാക്കിയതും അംഗീകരിച്ചതും ഇതേ ദിനത്തിലാണ്. 1949 നവംബർ 26ന് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. ഭരണഘടന രൂപീകരിക്കാൻ രണ്ട് വർഷവും 11 മാസവും 18 ദിവസവും വേണ്ടി വന്നു. 60 ലധികം രാജ്യങ്ങളുടെ ഭരണഘടനകൾ പഠിച്ച് ഭരണഘടനയുടെ കരട് തയ്യാറാക്കുകയും അന്തിമമാക്കുന്നതിന് മുമ്പ് രണ്ടായിരത്തിലധികം ഭേദഗതികൾ വരുത്തുകയും ചെയ്തു’ – മോദി പറഞ്ഞു.

1950-ൽ ഭരണഘടന നിലവിൽ വന്നതിന് ശേഷവും ഇതുവരെ 106 ഭരണഘടനാ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശങ്ങൾ വെട്ടിച്ചുരുക്കുന്നതിനാണ് ഭരണഘടനയുടെ ആദ്യ ഭേദഗതിയെന്നത് നിർഭാഗ്യകരമാണെന്ന് മോദി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ച തെറ്റുകൾ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ തിരുത്തപ്പെട്ടു. 2015 ൽ ബാബാ സാഹിബ് അംബേദ്കറുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കണമെന്ന ആശയം ഉയർന്നുവന്നു. അതിനുശേഷം ഈ ദിവസം ഭരണഘടനാ ദിനമായി ആഘോഷിക്കുന്നു എന്നും മോദി വ്യക്തമാക്കി.