National

ഇന്ത്യയിലെ ആദ്യ വെജ്-ഓൺലി 7-സ്റ്റാർ ഹോട്ടൽ അയോധ്യയിൽ

Spread the love

രാജ്യത്തെ ആദ്യ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ ക്ഷേത്രനഗരമായ അയോധ്യയിൽ. സസ്യാഹാരം മാത്രം വിളമ്പുന്ന വെജ്-ഓൺലി ഹോട്ടലാണ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. ക്ഷേത്രനഗരിയിൽ ആഡംബര ഹോട്ടലുകൾ നിർമിക്കാൻ പലരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, അതിലൊന്നാണ് ഈ പ്രൊജക്റ്റ് എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

രാമക്ഷേത്ര നിർമാണത്തോടെ അയോധ്യയുടെ മുഖച്ഛായ തന്നെ മാറി. ഈ ക്ഷേത്രനഗരം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വൻ വികസന പ്രവർത്തനങ്ങളാണ് അയോധ്യയിൽ നടക്കുന്നത്. ആഡംബര ഹോട്ടലുകളും ഭവന പദ്ധതികളും ഉൾപ്പെടെ കോടികളുടെ നിക്ഷേപ പദ്ധതികൾ അയോധ്യയിൽ എത്തിക്കഴിഞ്ഞു.

ജനുവരി 22നാണ് രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനം അയോധ്യയിൽ ആരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടലിൻ്റെയും, മറ്റൊരു ഭവന പദ്ധതിയുടെയും ഉദ്ഘാടനം അന്നേ ദിവസം നടക്കും. സരയൂ നദിയുടെ തീരത്ത് നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. നഗരത്തിൽ ചെറുതും വലുതുമായ ഹോട്ടലുകൾ ഒരുക്കുന്നതിനായി 110 ഓളം ഹോട്ടൽ ഉടമകൾ അയോധ്യയിൽ ഭൂമി വാങ്ങുന്നുണ്ട്.

മുംബൈ, ഡൽഹി, മറ്റ് പ്രധാന നഗരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും ഇതിനകം തന്നെ നഗരത്തിൽ പ്രവർത്തനക്ഷമമാണ്. ലഖ്നൗവിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസ് വെള്ളിയാഴ്ച മുതൽ ആരംഭിക്കും. സോളാർ പാർക്കും ഇവിടെ നിർമിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 മിനിറ്റ് അകലെ ‘ദ സരയു’ എന്ന ആഡംബര എക്‌സ്‌ക്ലേവിൽ വസ്തു വാങ്ങിയതായി റിപ്പോർട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള ഡെവലപ്പർ ‘ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ’ പ്ലോട്ടിന്റെ വലുപ്പവും മൂല്യവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 10,000 ചതുരശ്ര അടി സ്ഥലത്തിന് 14.5 കോടി രൂപ ചെലവ് വരുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.