Friday, December 13, 2024
Kerala

പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിലുണ്ടായത് കോടികളുടെ നഷ്ടം; മത്സ്യകര്‍ഷകന് ശരാശരി 25 ലക്ഷം രൂപയുടെ നഷ്ടം

Spread the love

പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായെന്ന് ഫിഷറീസ് വകുപ്പ്. 150ഓളം മത്സ്യക്കൂടുകൡ വിഷജലം നാശം വിതച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. മത്സ്യകര്‍ഷകര്‍ക്ക് അടിയന്തമായി സമാശ്വാസം എത്തിക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

വരാപ്പുഴ, കടമക്കുടി, ചേരാനെല്ലൂര്‍ പഞ്ചായത്തുകളിലാണ് വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വരാപ്പുഴ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്നാണ് കണക്കുകള്‍ പറയുന്നത്. 25 ലക്ഷം രൂപയിലധികം കര്‍ഷകന് ശരാശരി നഷ്ടമുണ്ടായി. വിഷജലം കൊച്ചി കോര്‍പറേഷന്‍ പരിധിയിലും എത്തിയിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് പറയുന്നുണ്ട്.

പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ഇത്രയധികം മത്സ്യം ചത്തുപൊങ്ങുന്നത് ആദ്യമായിട്ടാണ്. രാസമാലിന്യം പുഴയില്‍ കലര്‍ന്നതാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. വിഷയത്തില്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഇന്നലെ മുതല്‍ പ്രതിഷേധത്തിലാണ്.