Kerala

സൗഹാർദപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമം; കളമശ്ശേരി സ്ഫോടനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു: സിപിഐഎം

Spread the love

കളമശ്ശേരിയിൽ നടന്ന യഹോവാ സാക്ഷികളുടെ സമ്മേളനത്തിൽ ഉണ്ടായ ബോംബ്‌ സ്‌ഫോടനത്തിൽ പ്രതികരിച്ച് സിപിഐഎം. സ്ഫോടനം നാട്ടിലെ സൗഹാർദപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിക്കുന്നു എന്നും വാർത്താകുറിപ്പിൽ സിപിഐഎം പറഞ്ഞു.

കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌. ക്രമസമാധാന രംഗത്ത്‌ ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്‌ കേരളം. നാട്ടിൽ നിലനിൽക്കുന്ന സൗഹാർദപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമവും ഇതിന്‌ പിന്നിലുണ്ട്‌. ഇവയ്‌ക്കെതിരെ നല്ല ജാഗ്രത പുലർത്തി മുന്നോട്ടുപോകാൻ കഴിയേണ്ടതുണ്ട്‌. ഈ സംഭവത്തിന്‌ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള ജാഗ്രവത്തായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ദുർബലപ്പെടുത്തുവാനുള്ള പരിശ്രമങ്ങളുടെ തുടർച്ച എന്ന നിലയിൽ ഇത്തരം സംഭവങ്ങളെ കാണണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

Read Also: ആരാണ് കളമശ്ശേരി സ്‌ഫോടനത്തിന് പിന്നിലെ ഡൊമിനിക് മാർട്ടിൻ?

അതേസമയം, പ്രതി മാർട്ടിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം എന്നിവയ്ക്കൊപ്പം യുഎപിഎയും ചുമത്തി. സംഭവത്തിൽ 6 പേർ അതീവ ഗുരുതരമായ നിലയിലാണ്. 18 പേര് ഐസിയുവിലുണ്ട്.

ഇന്ന് ഇന്ന് രാവിലെ 9 42 ന് ആണ് നാടിനെ നടുക്കിയ സ്ഫോടനം കളമശ്ശേരിയിൽ ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു.

സ്ഫോടനത്തിൽ ഒരാൾ മരിച്ചു. സ്ഫോടനം നടന്ന സ്ഥലം സമ്പൂർണ്ണമായി നിയന്ത്രണത്തിലാക്കിയ പോലീസ് ,എൻഐഎ എന്നിവർ സ്ഥലത്ത് നിന്ന് നിരവധി തെളിവുകൾ ശേഖരിച്ചു. തുടർന്നാണ് ഡോമിനിക് മാർട്ടിൻ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. താൻ ഇതേ സഭയിൽ അംഗമായിരുന്നുവെന്നും സഭയുമായി ഉണ്ടായ തർക്കങ്ങളെ തുടർന്നാണ് സഭയിൽ നിന്ന് പുറത്തു പോയതെന്നും സ്ഫോടനം നടത്താൻ വസ്തുക്കൾ ഓൺലൈനായി ആണ് വാങ്ങിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി. പ്രതി പാലാരിവട്ടം തമ്മനത്താണ് താമസിച്ചു വരുന്നത്. ഇയാളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.