National

ഒരു സ്വതന്ത്ര എംഎൽഎ കൂടി കോൺഗ്രസിനൊപ്പം? ഹരിയാനയിലെ ബിജെപി സർക്കാറിന്റെ പ്രതിസന്ധി തുടരുന്നു

Spread the love

ദില്ലി: ഹരിയാനയിലെ ബിജെപി സർക്കാറിന് മേലുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ഒരു സ്വതന്ത്ര എംഎൽഎ കൂടി കോൺഗ്രസിനൊപ്പം പോകുമെന്നാണ് സൂചന. നിലവിൽമൂന്ന് സ്വതന്ത്ര എംഎൽഎമാർ കോൺഗ്രസിന് ഒപ്പം പോയെങ്കിലും ഭൂരിപക്ഷം ഇടിയില്ലെന്നാണ് ബിജെപി അവകാശവാദം. ഇതിനിടെ കോൺഗ്രസ് ബിജെപിയിൽ നിന്ന് ഭരണം പിടിച്ചെടുക്കണമെന്ന് ജെജെപി നേതാവ് ദിഗ്ഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. സഖ്യകക്ഷിയായ ജെജെപി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. എന്നാൽ ജെജെപി വിമതരുടെ പിന്തുണയോടെ ബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു.

നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായിട്ടില്ലെന്നാണ് ബിജെപി പറയുന്നത്. 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി നയാബ് സൈനിയുടെ ഓഫീസിന്‍റെ അവകാശവാദം. ജെജെപി വിമതരുടെ പിന്തുണ തുടരുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മൂന്ന് സ്വതന്ത്ര എംഎല്‍എമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഹരിയാനയില്‍ ബിജെപി സർക്കാർ പ്രതിസന്ധിയിലായത്.

ഈ മാസം 25ന് ആറാംഘട്ടത്തില്‍ ഹരിയാനയില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഷ്ട്രീയ അട്ടിമറി. സർക്കാരിനെ പിന്തുണച്ചിരുന്ന സോംഭിർ സാങ്‍വാൻ, രണ്‍ദീർ ഗോല്ലെൻ, ധരംപാല്‍ ഗോണ്ടർ എന്നീ സ്വതന്ത്രർ പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിന് ഒപ്പം പോവുകയായിരുന്നു. ഒരു സ്വതന്ത്ര എംഎല്‍എ കൂടി ഒപ്പം വരുമെന്നാണ് കോണ്‍ഗ്രസിനെ പിന്തുണക്കാൻ തീരുമാനിച്ചവരുടെ അവകാശവാദം. അപ്രതീക്ഷിതമായ നീക്കം ബിജെപിക്ക് കനത്ത തിരിച്ചടിയായി.