World

MSC ഏരിസ് കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം; ജീവനക്കാർ മോചിതരായിട്ടില്ല; തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാൻ അധികൃതർ അനുവദിക്കുന്നില്ല

Spread the love

ഇസ്രായേല്‍ ബന്ധത്തിന്റെ പേരില്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരനെ ഇറാന്‍ സ്വതന്ത്രരാക്കിയിട്ടും ഇവരെ മോചിപ്പിക്കാന്‍ കപ്പല്‍ കമ്പനി തയാറാകുന്നില്ലെന്ന് ആരോപണം. എംഎസ്‌സി ഏരിസ് കമ്പനിക്കെതിരെ മലയാളി ജീവനക്കാരുടെ കുടുംബം രംഗത്തെത്തി. ക്രൂ ചേഞ്ചിങ് നടത്താതെ പോകരുതെന്നാണ് ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയ നിര്‍ദേശമെന്ന് കോഴിക്കോട് സ്വദേശി ശ്യാം നാഥിന്റെ പിതാവ് വിശ്വനാഥന്‍ പറഞ്ഞു. ജീവനക്കാരെ വിട്ടയക്കാന്‍ ഇറാന്‍ സന്നദ്ധത ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. കപ്പല്‍ മാത്രമാണ് ഇറാന്റെ കസ്റ്റഡിയിലുള്ളത്.

23 ജീവനക്കാരെ ഇറാന്‍ സ്വതന്ത്രരാക്കിയിരുന്നു. ഇവര്‍ക്ക് വേണമെങ്കില്‍ നാട്ടിലേക്ക് മടങ്ങാമെന്ന് ഇറാന്‍ കമ്പനിയെ അറിയിച്ചിരുന്നു. എന്നാല്‍ കമ്പനി ഇവരെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചിട്ടില്ല. പുതിയ ആളുകള്‍ കപ്പലില്‍ വന്ന ശേഷമേ 23 പേരും നാട്ടിലേക്ക് മടങ്ങാവൂ എന്നാണ് കമ്പനിയുടെ നിര്‍ദേശം. കപ്പലില്‍ ജോലി ചെയ്തു വരികയാണ് ജീവനക്കാര്‍. എംഎസ്‌സി കമ്പനി അടിയന്തരമായി ഇടപെട്ട് ജീവനക്കാരെ മോചിപ്പിക്കണമെന്ന് ശ്യാനാഥിന്റെ കുടുംബം ആവശ്യപ്പെട്ടു.

കപ്പലിലെ ജീവനക്കാരെല്ലാം പരമാവധി ഏഴു മാസ കാലവധിയിലാണ് ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ട് രണ്ടു മാസം പിന്നിട്ടു. ജീവനക്കാര്‍ നാട്ടിലേക്ക് തിരിച്ച് മടങ്ങിയാല്‍ പുതിയ ആളുകള്‍ ജോലിയ്ക്കായി എത്താതെ വരും. ഇത് ഭയന്നാണ് നിലവിലെ ജീവനക്കാരെ നാട്ടിലേക്ക് പോകാന്‍ അധികൃതര്‍ അനുവദിക്കാത്തത്. മൂന്നു മലയാളികളാണ് കപ്പലില്‍ ഉള്ളത്. പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലില്‍ കുടുങ്ങിയിരിക്കുന്നത്.