Kerala

ദല്ലാൾ ടി ജി നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും, നടപടി ശോഭാ സുരേന്ദ്രന്റെ പരാതിയിൽ

Spread the love

ആലപ്പുഴ: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയർത്തിയ ദല്ലാൾ ടി ജി നന്ദകുമാറിനെ പുന്നപ്ര പൊലീസ് ചോദ്യം ചെയ്യും. ഈ മാസം 9ന് ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നൽകി. ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കൽ എന്നിവയ്ക്കെതിരെയാണ് ശോഭ പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് ബിജെപി ആലപ്പുഴയിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നൽകാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നൽകുന്നില്ലെന്നാരോപിച്ച് ടി ജി നന്ദകുമാർ വാർത്താ സമ്മേളനം വിളിച്ചത്. ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അഡ്വാൻസ് തുകയായി 10 ലക്ഷം നൽകി. പിന്നീട് അന്വേഷിച്ചപ്പോൾ ശോഭയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പണം തിരികെയാവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.

നന്ദകുമാർ 25 ഏപ്രിൽ 2024 ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്…

”ശോഭ അന്യായമായി കൈവശം വെച്ച ഭൂമിയാണ് വിൽക്കാൻ ആവശ്യപ്പെട്ടത്. ശോഭാ സുരേന്ദ്രന്റെ സംരക്ഷണ ഭർത്താവ് മോഹൻദാസിന്റെ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ പ്രസന്നാ മോഹൻദാസ് അറിയാതെ കൈവശപ്പെടുത്തിയ ഭൂമിയാണിത്. സംരക്ഷണ ഭർത്താവിന്റെ ഭാര്യ പ്രസന്നയുടെ പേരിലായിരുന്നു ഭൂമിയുണ്ടായിരുന്നത്. അത് വ്യക്തമായതോടെ ഇക്കാര്യം ശോഭയോട് ചോദിച്ചു. ശോഭ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളിലും ഈ ഭൂമിയുടെ വിവരം ഇല്ല. ഇക്കാര്യത്തിൽ വ്യക്തത തേടി രണ്ട് കത്ത് നൽകിയെങ്കിലും അതിന് മറുപടി നൽകിയില്ല”.