വയനാട് സുഗന്ധഗിരി മരം മുറിക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ഇല്ല
വയനാട് സുഗന്ധഗിരി മരം മുറിക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ഇല്ല. ആറു പ്രതികളുടെയും മുൻകൂർ ജാമ്യ അപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. മരംമുറി നടന്നിരിക്കുന്നത് റിസർവ്ഡ് വനത്തിൽ ആണെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് വനംവകുപ്പ്.
3000 ഏക്കറോളം വരുന്ന ഭൂപ്രദേശമാണ് സുഗന്ധഗിരി. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്ടിന്റെ ഭാഗമായി ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഭൂമിയാണ് ഇത്. വീടിന് ഭീഷണിയായ ഇരുപത് മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ നൂറിലേറെ മരങ്ങൾ മുറിച്ചുനീക്കിയെന്നതാണ് കേസ്. വയനാട് സുഗന്ധഗിരിയിൽ അനധികൃത മരം മുറിക്ക് ഒത്താശ ചെയ്തിരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. വനംവകുപ്പുദ്യോഗസ്ഥരുടെ കാവലിലാണ് അനധികൃത മരം മുറി നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു
ഈ വിധം നൂറിലേറെ മരങ്ങൾ അനധികൃതമായി മുറിച്ചുവെന്നാണ് വനംവകുപ്പിന്റെ തന്നെ അന്വേഷണത്തിലെ കണ്ടെത്തൽ. വീട്ടി അടക്കമുള്ള സംരക്ഷിതമരങ്ങൾ മുറിച്ചുനീക്കിയവയിൽ ഉൾപ്പെടുന്നില്ല. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ ആറ് പ്രതികളാണുള്ളത്. മരത്തടികൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, മറ്റൊരു വാച്ചറും സുഗന്ധഗിരി സ്വദേശിയുമായ ബാലൻ എന്നിവരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മരം മുറി സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത്.