Sunday, February 16, 2025
Latest:
World

ഗാസയിലെ റഫയിൽ ഇന്ത്യാക്കാരന്റെ മരണം: ഇസ്രയേലിന്റെ വാദം തള്ളി ഐക്യരാഷ്ട്ര സഭ

Spread the love

ദില്ലി: ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി യുഎൻ. ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ് വ്യക്തമാക്കി. യുദ്ധമേഖലയിൽ മുന്നറിയിപ്പില്ലാതെ കടന്നതുകൊണ്ടാണ് യുഎൻ വാഹനം ആക്രമിക്കപ്പെട്ടത് എന്ന് ഇസ്രയേൽ വാദിച്ചിരുന്നു. ഇത് തള്ളിയാണ് ഐക്യരാഷ്ട്രസഭയുടെ വിശദീകരണം. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

മുൻ ഇന്ത്യൻ സൈനികൻ വൈഭവ് അനിൽ ഖാലെയാണ് ഗാസയിലെ റഫയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യുഎൻ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു. സഹപ്രവർത്തകർക്ക് ഒപ്പം വൈഭവ് അനിൽ ഖാലെ സഞ്ചരിച്ച കാർ ആക്രമിക്കപ്പെടുകയായിരുന്നു. ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. തദ്ദേശീയരായ 190 യുഎൻ അംഗങ്ങൾ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വൈഭവ് അനിൽ ഖാലെയുടെ സംസ്കാരം പുണെയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.