Kerala

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്ന് പറഞ്ഞതാണ്’; തെരഞ്ഞെടുപ്പിൽ പ്രവചനങ്ങളുമായി വെള്ളാപ്പള്ളി

Spread the love

കേരളത്തിൽ തെരഞ്ഞെടുപ്പിൽ ആര് നേട്ടം കൊയ്യുമെന്ന് പറയാനാകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
പെട്ടി പൊട്ടിക്കാതെ അഭിപ്രായം സാധിക്കില്ലെന്നും എല്ലായിടത്തും കടുത്ത മത്സരമാണ് നടന്നതെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. തിരുവനന്തപുരത്ത് ആരും ജയിക്കുമെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണ്. കോൺഗ്രസിനു കഴിഞ്ഞ തവണത്തെ അത്ര കിട്ടില്ല. എന്നാലും കൂടുതൽ സീറ്റ് കോൺഗ്രസിന് ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ വോട്ട് കൂടുതൽ നേടും. ശോഭ പിടിക്കുന്ന കൂടുതൽ വോട്ടിന്റെ ഗുണം ആരീഫിന് ആയിരിക്കും. കേരളത്തിൽ ബിജെപി ക്ക് അഞ്ചു സീറ്റ് കിട്ടുമെന്നത് അവരുടെ ആഗ്രഹം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി കോട്ടയത്തു ജയിക്കുമോയെന്ന് തനിക്ക് അറിയില്ലെന്നും തുഷാർ വെള്ളപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള ഒരു സാധ്യത ഇല്ലെന്നും മത്സരിക്കേണ്ട എന്ന് താൻ പറഞ്ഞതാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. എൽഡിഎഫും യുഡിഎഫും മത്സരിച്ചു ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും അതുകൊണ്ട് ജനങ്ങളിൽ കുറച്ചു പേർ എൻഡിഎക്കൊപ്പം പോകുമെന്നും എൻഡിഎ വോട്ട് സംസ്ഥാനത്ത് കൂടുമെന്നും വെള്ളാപ്പള്ളി വിലയിരുത്തി.

ഇപി ജയരാജൻ-ജാവഡേക്കർ വിവാദത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. ജാവഡേക്കറെ കണ്ടതിന് എന്താണ് കുഴപ്പമെന്നും രാഷ്ട്രീയ നേതാക്കൾക്ക് ആരെയും കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപി ചെയ്തത് പാർട്ടി ചട്ടകൂടു അനുസരിച്ചു തെറ്റാണ്. ഇപി എൽഡിഎഫ് കൺവീനവർ എന്ന നിലയിൽ പിന്നോട്ടാണെന്നും വലിയ നിലപാടൊന്നും സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇതുപോലുള്ള വിവാദം ഒഴിവാക്കാമായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.