Kerala

കല്യാശേരി വോട്ട് തിരിമറി; 6 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഒന്നാം പ്രതി CPIM മുന്‍ ബ്രാഞ്ച് സെക്രട്ടറി

Spread the love

കല്യാശേരി വോട്ട് തിരിമറിയില്‍ ആറു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശനാണ് കേസിലെ ഒന്നാം പ്രതി. അഞ്ച് പോളിങ് ഉദ്യോഗസ്ഥരും പ്രതി പട്ടികയിലുണ്ട്.

92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് പോളിങ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രായമായവരുടെ വോട്ട് വീട്ടിലെത്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നലെ പോളിങ് ഉദ്യോഗസ്ഥര്‍ ദേവിയുടെ വീട്ടിലെത്തിയത്. കല്യാശ്ശേരി പഞ്ചായത്തിലെ 164ാം ബൂത്തിലെ വോട്ടറാണ് 92 വയസുള്ള ദേവി. വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന ദേവിയുടെ അടുത്തേക്ക് എത്തിയ കല്യാശേരി മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.