Sports

തിളങ്ങിയത് പന്തും സ്റ്റബ്സും മാത്രം; ഡൽഹിക്ക് പടുകൂറ്റൻ തോൽവി

Spread the love

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വമ്പൻ ജയം. 106 റൺസിനാണ് കൊൽക്കത്ത ഡൽഹിയെ വീഴ്ത്തിയത്. 273 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 17.2 ഓവറിൽ 166 റൺസിന് ഓൾ ഔട്ടായി. 55 റൺസ് നേടിയ ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി വൈഭവ് അറോറയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

റെക്കോർഡ് ചേസിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഡൽഹിക്ക് മോശം തുടക്കമാണ് ലഭിച്ചത്. പൃഥ്വി ഷായെയും (10) അഭിഷേക് പോറലിനെയും (0) മടക്കി വൈഭവ് അറോറയും മിച്ചൽ മാർഷിനെയും (0) ഡേവിഡ് വാർണറെയും (18) വീഴ്ത്തി സ്റ്റാർക്കും ഡൽഹിയെ തുടക്കം തന്നെ ബാക്ക് ഫൂട്ടിലാക്കി. അഞ്ചാം വിക്കറ്റിൽ ഋഷഭ് പന്തും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് 93 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഡൽഹി പരാജയപ്പെട്ടുകഴിഞ്ഞിരുന്നു. 23 പന്തിൽ പന്തും 28 പന്തിൽ സ്റ്റബ്സും ഫിഫ്റ്റി തികച്ചു. വരുൺ ചക്രവർത്തിയാണ് ഇരുവരെയും വീഴ്ത്തിയത്. സ്റ്റബ്സ് 54 റൺസ് നേടിയാണ് പുറത്തായത്. അക്സർ പട്ടേലിനെക്കൂടി (0) വീഴ്ത്തി വരുൺ മൂന്ന് വിക്കറ്റ് തികച്ചു. വാലറ്റം പൊരുതാതെ കീഴടങ്ങിയതോടെ കൊൽക്കത്തയ്ക്ക് കൂറ്റൻ ജയം.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 272 റൺസ് നേടി. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്കോർ ആണിത്. ഇതേ ഐപിഎലിൽ തന്നെ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് നേടിയ 277/3 ആണ് പട്ടികയിൽ ഒന്നാമത്. 39 പന്തിൽ 85 റൺസ് നേടിയ സുനിൽ നരേൻ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ഡൽഹിക്കായി ആൻറിച് നോർക്കിയ മൂന്ന് വിക്കറ്റ് വീഴ്ത്തി.