National

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കച്ചത്തീവ് പരാമർശം; വിമർശിച്ച് ലങ്കൻ മാധ്യമങ്ങൾ

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കച്ചത്തീവ് പരാമർശത്തെ വിമർശിച്ച് ലങ്കൻ മാധ്യമങ്ങൾ. ഇതുവരെ ലങ്കൻ സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇതിനിടെ വിഷയത്തിൽ കുറച്ചുകൂടി ശക്തമായി പ്രതികരിക്കണമെന്ന് മത്സ്യത്തൊഴിലാളികളുടെ സംഘടനകൾ ആവശ്യപ്പെട്ടു.

കൊളംബോയിലെ ഇംഗ്ലീഷ് ദിനപത്രം ഡെയ്‌ലി മിറർ എഡിറ്റോറിയലിലൂടെ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനുമെതിരെ രംഗത്തുവന്നു. തമിഴ്നാട്ടിൽ നിന്ന് കുറച്ച് വോട്ട് ലഭിക്കുന്നതിനായി വംശീയ വികാരങ്ങൾ ഊത്തിക്കത്തിക്കാൻ ജയശങ്കർ ശ്രമിച്ചു എന്ന് എഡിറ്റോറിയലിൽ വിമർശിച്ചു. ശ്രീലങ്കയ്ക്ക് കോൺഗ്രസ് എളുപ്പത്തിൽ കച്ചത്തീവ് വിട്ടുനൽകി എന്ന മോദിയുടെ പരാമർശവും ഇത് ശരിവച്ചുകൊണ്ടുള്ള ഡോ. ജയശങ്കറിൻ്റെ വാർത്താസമ്മേളനവുമാണ് ഡെയ്‌ലി മിറർ ചൂണ്ടിക്കാണിച്ചത്. ‘വിട്ടുനൽകാൻ കച്ചത്തീവ് ഇന്ത്യയുടേതായിരുന്നില്ല’ എന്ന തലക്കെട്ടിലായിരുന്നു എഡിറ്റോറിയൽ.

വാണിജ്യ ദിനപത്രം ഫൈനാൻഷ്യൽ ടൈംസ് ഈ പരാമർശത്തെ, ‘വസ്‌തുതകളുടെ വളച്ചൊടിക്കൽ, ദക്ഷിണേന്ത്യൻ ദേശീയതയുടെ ‘ഡോഗ് വിസിൽ’, സൗഹൃദമുള്ള ഒരു അയൽക്കാരൻ്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന അപകടകരവും അനാവശ്യവുമായ പ്രകോപനം’ എന്നാണ് വിശേഷിപ്പിച്ചത്. ശ്രീലങ്കയുടെ കീഴിലുള്ള പ്രദേശത്തിനു മേൽ ഇന്ത്യയുടെ ഉന്നതാധികാരത്തിലുള്ളവർ നിരന്തരമായി നടത്തുന്ന പ്രകോപന പരാമർശങ്ങൾ കാരണം മറ്റെവിടെയെങ്കിലും സുരക്ഷ തേടേണ്ടിവരും എന്നും എഡിറ്റോറിയൽ പറയുന്നു.