Kerala

പാലക്കാട് ഉൾപ്പെടെ 7 ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38 ഡിഗ്രിക്ക് മുകളിൽ

Spread the love

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ഡാറ്റാ പ്രകാരം പാലക്കാട് ( 40.4°c ) ഉൾപ്പെടെയുള്ള 7 ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38°c മുകളിൽ കടന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്ന ഹീറ്റ് ഇൻഡെക്‌സ് പ്രകാരം വരും ദിവസങ്ങളിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ചില മേഖലകളിൽ ഹീറ്റ് ഇൻഡെക്‌സ് 40°c 45 °c വരെ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് 9 ജില്ലകളിൽ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. കേരള തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.