Kerala

മലപ്പുറത്തെ ഭരണഘടന സംരക്ഷണ റാലി; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ പരാതി നല്‍കി BJP

Spread the love

മലപ്പുറത്തെ ഭരണഘടന സംരക്ഷണ റാലിയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ പരാതി നല്‍കി ബിജെപി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരാതി നല്‍കിയിരിക്കുന്നത്. മുസ്ലിം സമുദായത്തിനിടയില്‍ വെറുപ്പും ഭയവും വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെകെ സുരേന്ദ്രനാണ് പരാതി നല്‍കിയിരിക്കുന്നത്.

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ മുസ്ലിങ്ങളെ രണ്ടാം തരക്കാരായി കാണാന്‍ ശ്രമിക്കുന്നു എന്നടക്കമുള്ള പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി നടത്തിയിരുന്നു. തുടര്‍ന്നാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമാണ് പിണറായി വിജയന്റേതെന്ന് പരാതിയില്‍ പറയുന്നു. ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പരാതിയില്‍ കുറ്റപ്പെടുത്തി.

അതേസമയം പൗരത്വ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു. സിഎഎയ്ക്കെതിരെ കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി അണിനിരന്നിട്ടില്ല. പ്രക്ഷോഭം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്ത്. കോണ്‍ഗ്രസ് കുറ്റകരമായ മൗനം പാലിച്ചു. രാജ്യത്തെ കോണ്‍ഗ്രസിന്റെ നിലപാടിന് വ്യത്യസ്തമായാണ് കേരളത്തിലെ കോണ്‍ഗ്രസ് സിഎഎയ്ക്കെതിരായി നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.