സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ല; ഗവർണറുടെ ആവശ്യം തള്ളി എംജി സെനറ്റ്
വൈസ് ചാന്‍സിലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് എംജി സര്‍വകലാശാല സെനറ്റ് പ്രതിനിധിയെ അയക്കില്ല. ഇന്ന് ചേർന്ന എംജി സര്‍വകലാശാലയുടെ സ്പെഷൽ സെനറ്റ് യോഗത്തിലാണ് തീരുമാനം. കോടതിയിൽ കേസുകൾ നിൽക്കുന്നുവെന്ന കാരണം പറഞ്ഞാണ് സെർച്ച് കമ്മറ്റിയിലേക്ക് ആളെ കൊടുക്കാതിരിക്കുന്നത്. യുഡിഎഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു തീരുമാനം.
ഗവർണറുടെ അജണ്ടയ്ക്ക് ഇടത് സെനറ്റ് അംഗങ്ങൾ കുട പിടിക്കുന്നുവെന്നാണ് യുഡിഎഫിന്റെ വിമർശനം സെനറ്റ് പ്രതിനിധി ഇല്ലാത്ത സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം തീരുമാനം എളുപ്പത്തിൽ അടിച്ചേൽപ്പിക്കാനാകുമെന്ന് യുഡിഎഫ് അംഗങ്ങൾ പറയുന്നു. സെനറ്റ് തീരുമാനം ഏകകണ്ഠമെന്ന് ഇടത് സെനറ്റ് അംഗങ്ങൾ വ്യക്തമാക്കി.