Kerala

സിപിഐഎം തൃശൂർ ജില്ലാ കമ്മറ്റിക്ക് ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ്; തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ച് സീതാറാം യെച്ചൂരി

Spread the love

സിപിഐഎം തൃശൂർ ജില്ലാ കമ്മറ്റിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെറ്റായ നടപടിയാണ് ഇത് എന്ന് കത്തിൽ പറയുന്നു.

നടപടി ക്രമവിരുദ്ധവും അപലപനീയവുമാണ്. എൽഡിഎഫിനെതിരെയുള്ള മോദി സർക്കാരിൻ്റെ ആസൂത്രിത രാഷ്ട്രീയനീക്കമാണ് ഇത്. നേരത്തെ സുപ്രിംകോടതിയിൽ നൽകിയ ഉറപ്പിന് വിരുദ്ധമായാണ് നടപടി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൻ്റെ ലംഘനനമാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ ഉത്തരവ് നിർത്തിവയ്ക്കാൻ ആദായ നികുതി വകുപ്പിന് നിർദ്ദേശം നൽകണമെന്നും കത്തിൽ പറയുന്നു.

തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം 10 കോടി രൂപയുണ്ടെന്നാണ് വെളിപ്പെടുത്തൽ. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇതിൽ നിന്ന് ഒരു കോടി രൂപ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പിൻവലിച്ചെന്ന് കണ്ടെത്തി. സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകൾ കർശന നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് പണം പിൻവലിച്ചത്. തുടർന്നാണ് പരിശോധന നടന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഒരു കോടി രൂപ ഒറ്റത്തവണയായി പിൻവലിച്ചിരുന്നു. ഇതിന് മുൻപും ലക്ഷകണക്കിന് രൂപ പിൻവലിച്ചിട്ടുണ്ട്. തുടർന്നാണ് ബാങ്കിൽ രണ്ടു ദിവസമായി ആദായ നികുതി പരിശോധന നടത്തിയത്. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ സിപിഐഎമ്മിന് ബാങ്കിൽ അനധികൃത നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇഡിയുടെ കത്തിനെ തുടർന്ന് ഇൻകം ടാക്‌സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.