Friday, May 17, 2024
Latest:
Kerala

കട്ടപ്പന ഇരട്ടക്കൊലപാതകം; മൃതദേഹാവശിഷ്ടങ്ങളും ചുറ്റികയും കണ്ടെത്തി

Spread the love

കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വിജയനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു പ്രതി നിതീഷിന്റെ മൊഴി. വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.

കാഞ്ചിയാറിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ നിന്ന് തലയോട്ടിയും അസ്ഥികളുടെ ചില ഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഇത് വിജയന്റെ തന്നേതെന്ന് സ്ഥിരീകരിക്കണമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം. മൃതദേഹത്തിനൊപ്പം ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഞെരുങ്ങിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രതി നിതീഷ് നല്‍കിയ മൊഴി അനുസരിച്ച് വിജയന്റെ മൃതദേഹാവശിഷ്ടം തന്നെയാണെന്ന നിഗമനത്തിലെത്തുന്നുണ്ട് പൊലീസ്.

വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചിരുന്നു. വിജയന്റെ മകനാണ് നിതീഷിന്റെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ വിഷ്ണു. ഇയാളും മാതാവ് സുമയും കേസിലെ പ്രതികളാണ്. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളില്‍ കുഴിച്ചുമൂടുകയായിരുന്നു.

Read Also : തിരുവനന്തപുരത്ത് പട്ടാപ്പകൽ വൻ കവർച്ച; 50 പവനും നാലര ലക്ഷം രൂപയും കവർന്നു

2023ലാണ് വിജയനെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിജയന്‍ പ്രായാധിക്യം മൂലം ജോലിക്ക് ഒന്നും പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2016ലാണ് നിതീഷിനും വിഷ്ണുവിന്റെ സഹോദരിക്കും ജനിച്ച നവജാത ശിശുവിനെ ഇവര്‍ കൊലപ്പെടുത്തുന്നത്. കുട്ടിയുണ്ടായതിന്റെ നാണക്കേട് മറക്കാനായിരുന്നു ഇത്. കൊല്ലപ്പെട്ട വിജയന്‍ കുഞ്ഞിനെ കാലില്‍ തൂക്കി നിതീഷിന് നല്‍കിയെന്നും തുടര്‍ന്ന് നിതീഷ് കുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് മൊഴി. കൊന്ന ശേഷം അന്ന് താമസിച്ചിരുന്ന വീടിന്റെ സമീപമുള്ള തൊഴുത്തില്‍ കുഴിച്ചിടുകയും ചെയ്തു.

വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതീഷ്, വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍. നവജാത ശിശുവിനെ കൊന്ന കേസില്‍ നിതീഷ്, വിജയന്‍, വിഷ്ണു എന്നിവരാണ് പ്രതികള്‍.