National

ബിജെപി എംപി ബ്രിജേന്ദ്ര സിംഗ് കോൺഗ്രസിൽ ചേർന്നു

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹരിയാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ഹിസാറിൽ നിന്നുള്ള പാർട്ടി എംപി ബ്രിജേന്ദ്ര സിംഗ് കോൺഗ്രസിൽ ചേർന്നു. രാഷ്ട്രീയ കാരണങ്ങളാൽ ബിജെപി വിടാൻ നിർബന്ധിതനായി എന്ന് പ്രതികരണം.

എക്സിലൂടെയാണ് ബ്രിജേന്ദ്ര സിംഗ് ഇക്കാര്യം അറിയിച്ചത്. രാജി പ്രഖ്യാപിച്ചതിന് പിന്നാലെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിലെത്തി ബ്രിജേന്ദ്ര സിംഗ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. അജയ് മാക്കൻ, മുകുൾ വാസ്നിക്, ദീപക് ബാബരിയ എന്നിവരും ഖാർഗെയുടെ വസതിയിൽ ഉണ്ടായിരുന്നു.

‘നിർബന്ധിത രാഷ്ട്രീയ’ കാരണങ്ങളാൽ ഞാൻ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ഹിസാറിലെ പാർലമെൻ്റ് അംഗമായി പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിക്കും ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി- ബ്രിജേന്ദ്ര സിംഗ് ട്വിറ്ററിൽ കുറിച്ചു.

പ്രശസ്ത കർഷക നേതാവ് ചോട്ടു റാമിൻ്റെ കൊച്ചുമകനാണ് ബ്രിജേന്ദ്ര സിംഗ്. അദ്ദേഹത്തിൻ്റെ പിതാവ് ബീരേന്ദർ കേന്ദ്രമന്ത്രിയായും അമ്മ പ്രേംലത സിംഗ് ഉച്ചന നിയമസഭാ സീറ്റിനെ പ്രതിനിധീകരിച്ചും സേവനമനുഷ്ഠിച്ചിട്ടുണ്ട്.