National

നീലഗിരി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Spread the love

നീലഗിരി ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് തമിഴ്നാട് മേട്ടുപ്പാളയത്തിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ അടക്കം എട്ട് പേർ മരിച്ചത്.

“തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിനടുത്തുണ്ടായ ബസ് അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർക്ക് 50,000 രൂപയും മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും PMNRF-ൽ നിന്ന് നൽകും”-പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തെങ്കാശിയില്‍ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. കുന്നൂരിനടുത്ത് മരപ്പാലത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസില്‍ ആകെ 54 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് സ്ത്രീകള്‍ അടക്കം എട്ട് പേർ മരിച്ചു. അപകടത്തിൽ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.