National

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വേണമെന്ന് 32 പാർട്ടികൾ; എതിർത്തവർ ചുരുക്കം, പ്രതികരിക്കാതെയും കക്ഷികൾ

Spread the love

രാജ്യത്ത് തെരഞ്ഞെടുപ്പുകൾ ഏകീകരിച്ച് ഒരേസമയത്ത് നടത്തുന്നതിനെ പിന്തുണച്ചും എതിർത്തും പ്രതികരിക്കാതെയും രാഷ്ട്രീയ പാർട്ടികൾ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതസമിതി 62 പാർട്ടികളെയാണ് സമീപിച്ചത്. പ്രതികരിച്ച 47 പാർട്ടികളിൽ 32 പേർ പിന്തുണച്ചും 15 പേർ എതിർത്തും നിലകൊണ്ടു. പതിനഞ്ച് കക്ഷികൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

പിന്തുണച്ച കക്ഷികൾ സാമൂഹിക സാമ്പത്തിക രംഗത്ത് ഇതുവഴി മാറ്റങ്ങളുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ അഭിവൃദ്ധിക്ക് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുക തന്നെ വേണമെന്ന് ഇവർ ശക്തമായി വാദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ

തെരഞ്ഞടുപ്പുകൾ ഏകീകരിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും ഘടനയെയും ലംഘിക്കുമെന്നാണ് ഇതിനെ എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന വാദം. ഇത് ഒരേസമയം ജനാധിപത്യ, ഫെഡറൽ വിരുദ്ധ നയമാണ്. പ്രാദേശിക പാർട്ടികൾ പാർശ്വവൽക്കരിക്കപ്പെടുകയും ദേശീയ പാർട്ടികൾ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. രാഷ്ട്രപതി ഭരണത്തിന് സമാനമായ അവസ്ഥയിലേക്ക് രാജ്യം എത്തിപ്പെടുമെന്നും ഇവർ ആശങ്ക ഉന്നയിച്ചതായി റിപ്പോർട്ട് പറയുന്നു.

സിപിഎമ്മും സിപിഐയും കോൺഗ്രസും ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് ഒരേ സമയം നടത്തുന്നതിനെ എതിർത്തു. ജനാധിപത്യത്തെയും ഭരണഘടനയെയും ക്ഷയിപ്പിക്കുന്ന നീക്കമാണിതെന്ന് അവർ ആരോപിക്കുന്നു. എന്നാൽ ബിഎസ്‌പി വ്യക്തമായ എതിർപ്പോ പിന്തുണയോ പ്രകടിപ്പിച്ചിട്ടില്ല. പക്ഷെ ഭൂഘടനയും ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം നടപ്പിലാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ബിഎസ്‌പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുമ്പോൾ സംസ്ഥാന പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലും ചെലവിലും ദേശീയ പാർട്ടികളുമായി മത്സരിക്കാൻ കഴിയില്ലെന്ന് സമാജ്‌വാദി പാർട്ടി സബ്‌മിഷനിൽ ഉന്നയിച്ചു.

പിന്തുണച്ച പാർട്ടികൾ

എഐഎഡിഎംകെ, ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ, അപ്നാദൾ (സോണി ലാൽ), എഎസ്ഒഎം ഗണപരിഷത്ത്, ബിജു ജനതാദൾ, ലോക് ജനശക്തി പാർട്ടി (ആർ), മിസോ നാഷണൽ ഫ്രണ്ട്, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി, ശിവസേന, ജനതാദൾ (യുണൈറ്റഡ്), സിക്കിം ക്രാന്തികാരി മോർച്ച, ശിരോമണി അകാലിദൾ, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ് ഏകീകരണത്തെ പിന്തുണയ്ക്കുന്ന പാർട്ടികൾ.

എതിർക്കുന്ന പാർട്ടികൾ

കോൺഗ്രസ്, സിപിഐ(എം), എഎപി, തൃണമൂൽ കോൺഗ്രസ്, എഐഎംഐഎം, സിപിഐ, ഡിഎംകെ, നാഗാ പീപ്പിൾസ് ഫ്രണ്ട്, സമാജ്‌വാദി പാർട്ടി, സിപിഐ, എഐയുഡിഎഫ്, സിപിഐ (എംഎൽ) ലിബറേഷൻ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, രാഷ്ട്രീയ ലോക് ജനതാദൾ, ഭാരതീയ സമാജ് പാർട്ടി, ഗോരഖ നാഷണൽ ലിബറൽ ഫ്രണ്ട്, ഹിന്ദുസ്ഥാനി ആവം മോർച്ച, രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടി, രാഷ്ട്രവാദി കോൺഗ്രസ് പാർട്ടി (അജിത് പവാർ) തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ നിർദ്ദേശത്തെ എതിർത്തു.

പ്രതികരിക്കാത്ത പാർട്ടികൾ

ഭാരത് രാഷ്ട്ര സമിതി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്, ജനതാദൾ (സെക്കുലർ), ജാർഖണ്ഡ് മുക്തി മോർച്ച, കേരള കോൺഗ്രസ് (എം), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, രാഷ്ട്രീയ ജനതാദൾ, രാഷ്ട്രീയ ലോക്‌താന്ത്രിക് പാർട്ടി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, തെലുങ്കുദേശം പാർട്ടി, വൈഎസ്ആർ കോൺഗ്രസ് പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ സമിതിയോട് പ്രതികരിച്ചില്ല.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിന് മുന്നോടിയായി ഭരണഘടനാ ഭേദഗതികൾ വരുത്തുന്നതിനുമുള്ള ശുപാർശകളും ഉന്നതാധികാര സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിൽ മിക്ക ഭേദഗതികൾക്കും സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ആവശ്യമില്ല. തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിൻ്റെ ഭാഗമായി പൊതുവായ ഇലക്ടറൽ റോളും വോട്ടർ ഐഡിയും നൽകണമെന്നും സമിതി ശുപാർശ ചെയ്തു.