Kerala

‘യുഡിഎഫിന്റേത് ഡ്രീം ടീം’ പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് രാഷ്ട്രീയ പ്രമാണിമാർ: ഹൈബി ഈഡൻ

Spread the love

ലോക് സഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡൻ. കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കുന്നത് കോൺഗ്രസിന് ഗുണകരമെന്ന് ഹൈബി ഈഡൻ. ബിജെപിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത കോൺഗ്രസ് നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്. പത്മജയെ ബിജെപിയിലേക്ക് എത്തിച്ചതിന് പിന്നിൽ മുൻ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമാണിമാരുമാണ്. തെരഞ്ഞെടുപ്പിനെ എല്ലാ ​ഗൗരവത്തോടെയും കൂടെ കാണുന്നുവെന്ന് എറണാകുളം സിറ്റിം​ഗ് എംപി ഹൈബി ഈഡൻ പറഞ്ഞു.

എറണാകുളം യുഡിഎഫിന്റെ ശക്തികേന്ദ്രമാണെന്നും ഹൈബി ഈഡൻ വ്യക്തമാക്കി. അമിതമായ ഒരു അവകാശവാദങ്ങളും ഉന്നയിക്കാതെയാണ് മത്സരത്തിനു ഇറങ്ങുന്നതെന്നും ആരെങ്കിലും പാർട്ടി വിട്ടു പോയത് പ്രശ്നമല്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. കോൺഗ്രസ്‌ ആണ്‌ ബിജെപിക്ക് എതിരെ നിൽക്കുന്നത് എന്ന കൃത്യമായ സന്ദേശമാണ് സ്ഥാനാർഥി പട്ടികയെന്നും ഹൈബി കൂട്ടിച്ചേർത്തു.

വളരെ സന്തോഷം എന്നായിരുന്നു കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ ശശി തരൂരിന്റെ പ്രതികരണം. കഴിവുള്ള എതിരാളികളാണെന്നും എളുപ്പമായി കാണുന്നില്ലെന്നും പറഞ്ഞ തരൂർ 15 വർഷത്തെ വികസനമാണ് തൻ്റെ ശക്തിയെന്നും വ്യക്തമാക്കി. ഞായറാഴ്ച്ച മുതൽ പ്രചാരണം തുടങ്ങും. താൻ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഉയർത്തി പ്രചരണം നടത്തുമെന്നാണ് തരൂരിന്റെ പ്രഖ്യാപനം.