National

ഏറ്റവും നീളമേറിയ കേബിൾ പാലം; സുദർശൻ സേതു പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Spread the love

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ ​ഗുജറാത്തിലെ സുദർശൻ സേതു പ്രധാനമന്ത്രി
ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതോടെ ദ്വാരകയിൽ നിന്നും ബെയ്റ്റ് ദ്വാരകയിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് ഗതാ​ഗതം എളുപ്പമാകും. പാലത്തിന്റെ ഉദ്ഘാടനം കൂടാതെ ദ്വാരകയിൽ 4150 കോടി രൂപയുടെ വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും.

980 കോടി രൂപ മുതൽമുടക്കിൽ പണി കഴിപ്പിച്ച നാലുവരി പാതയുള്ള പാലമാണിത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമെന്ന ബഹുമതി സുദർശൻ സേതുവിന് സ്വന്തമാണ്. 2.32 കിലോ മീറ്ററാണ് പാലത്തിന്റെ നീളം. ഒഖ-ബെയ്റ്റ് ദ്വാരക സി​ഗ്നേച്ചർ ബ്രിഡ്ജ് എന്നും ഇത് അറിയപ്പെടുന്നു

2017-ലായിരുന്നു പാലം നിർമ്മാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. നേരത്തെ ബോട്ട് മാർ​ഗം സഞ്ചരിച്ചാണ് തീർത്ഥാടകർ ബെയ്റ്റ് ദ്വാരകയിലേക്ക് എത്തിയിരുന്നത്. സുദർശൻ പാലം യാഥാർത്ഥ്യമാകുന്നതോടെ ഭക്തർക്ക് വളരെ എളുപ്പത്തിൽ എത്താനാകും.ദ്വാരകയെ പ്രധാനപ്പെട്ട തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനും സുദർശൻ പാലം വഴിയൊരുക്കും.