Thursday, May 16, 2024
Latest:
Kerala

ബേലൂര്‍ മഖ്ന കര്‍ണാടക വനമേഖലയില്‍; റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചു

Spread the love

വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലിയായ ബേലൂര്‍ മഖ്ന കര്‍ണാടകത്തിലെ വനമേഖലയില്‍ തുടരുന്നതായി റേഡിയോ കോളാര്‍ സിഗ്നല്‍. ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഹൈദരാബാദിലെ വന്യജീവി വിദഗ്ധനായ നവാബ് അലി ഖാൻ ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നു. അതേസമയം ജില്ലയുടെ സ്പെഷ്യല്‍ നോഡല്‍ ഓഫീസറായി ഈസ്റ്റണ്‍ സിസിഎഫ് കെ വിജയാനന്ദ് ചുമതലയേറ്റു

കര്‍ണാടക വനമേഖലയിലേക്ക് കടന്ന ബേലൂര്‍ മഖ്ന അവിടെ തന്നെ തുടരുന്നതായാണ് റേഡിയോ കോളാര്‍ സിഗ്നല്‍ ലഭിച്ചിട്ടുള്ളത്. സംസ്ഥാന വനംവകുപ്പ് ആനയുടെ ചലനം നിരീക്ഷിച്ചുവരികയാണ്. ജനവാസമേഖലയിലേക്കിറങ്ങാതിരിക്കാന്‍ കനത്ത ജാഗ്രതയുണ്ട്. അതിര്‍ത്തി പ്രദേശത്ത് റോന്തുചുറ്റുകയാണ് വനപാലകരുടെ സംഘം. സംസ്ഥാന വനംവകുപ്പിനെ സഹായിക്കാന്‍ ഹൈദരാബാദില്‍ നിന്നുള്ള വന്യജീവി വിദഗ്ധനായ നവാബ് അലിഖാന്‍ ദൌത്യസംഘത്തിന്‍റെ ഭാഗമായി. ട്രാക്കിംഗ് വിദഗ്ധനും ഷാര്‍പ്പ് ഷൂട്ടറുമാണ് ഇദ്ദേഹം. ദൌത്യസംഘത്തിന് വേണ്ട ഉപദേശങ്ങള്‍ നല്‍കുകയെന്നതാണ് ചുമതല. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാല് വിദഗ്ധര്‍കൂടി സംഘത്തിന്‍റെ ഭാഗമായിട്ടുണ്ട്. ആനയെ പിടികൂടും വരെ ദൌത്യം തുടരുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു

അതേസമയം ജില്ലയില്‍ സ്പെഷ്യല്‍ നോഡല്‍ഓഫീസറായി ഈസ്റ്റണ്‍ സിസിഎഫ് കെ വിജയാനന്ദ് ചുമതലയേറ്റു. മനുഷ്യ മൃഗ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏകോപിക്കുകയാണ് പ്രധാന ചുമതല. മാനന്തവാടി നോർത്ത് ഡിഎഫ്ഒ ഓഫീസ് ക്യാമ്പസിലാണ് താത്കാലിക ഓഫീസ് .വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്.