National

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്; കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

Spread the love

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബനന്ദ് ഇന്ന്. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും. കർഷകരും കർഷക തൊഴിലാളികളും തൊഴിലിൽ നിന്നും വിട്ടു നിൽക്കണമെന്ന് ഭാരതീയ കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. ബന്ദിന് സിപിഐഎം അടക്കമുള്ള ഇടതു പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരത് ബന്ദ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി കർഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് രംഗത്തുവന്നിരുന്നു. എല്ലാ കർഷക ഗ്രാമങ്ങളും നിശ്ചലമാകുന്ന ബന്ദ് ഒരു പുതിയ തുടക്കമാണ്. നാളെ കർഷകർ പണിക്കിറങ്ങില്ലെന്നും കൃഷിയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയും നാളെ നടക്കില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് പറഞ്ഞു. ഭാരത് ബന്ദ് നടത്തുന്നത് രാജ്യത്തെ കർഷകർക്ക് വേണ്ടിയാണെന്നും ഹൈവേകൾ അടപ്പിക്കില്ലെന്നും രാകേഷ് ടികായത് കൂട്ടിച്ചേർത്തു.

‘ഞങ്ങൾക്കൊപ്പം എത്ര പേരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാകുന്ന ദിനമായിരിക്കും നാളെ. ചിലർ നാളെ ഉച്ചമുതൽ കടകൾ അടയ്ക്കും. ചിലർ ഉച്ചവരെ കടകൾ പ്രവർത്തിപ്പിക്കും. ഇങ്ങനെയൊക്കെയാണ് പറയുന്നത്. എങ്ങനെയാണെങ്കിലും വലിയ ജനപങ്കാളിത്തമാണ് ബന്ദിനുണ്ടാകാൻ പോകുന്നത്’. രാകേഷ് ടികായത് പറഞ്ഞു. 2020ൽ നടന്ന കർഷക സമരത്തിന് നേതൃനിരയിലുണ്ടായിരുന്ന നേതാവാണ് രാകേഷ്.

കർഷകരുമായുള്ള കേന്ദ്രസർക്കാരിൻ്റെ ചർച്ച പരാജയപ്പെട്ടു. താങ്ങുവിലയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. കർഷകരെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. അടുത്ത ചർച്ച ഞായറാഴ്ച വൈകീട്ട് 6 ന് നടക്കും. ഇതിനിടെ ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ വീണ്ടും കണ്ണീർ വാതക പ്രയോഗം നടത്തി.

സർക്കാരും കർഷകരും തമ്മിൽ വളരെ നല്ല ചർച്ചയാണ് നടന്നത് എന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. കർഷക സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വീണ്ടും ചർച്ച നടക്കും. വിഷയത്തിൽ സമാധാനപരമായി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.