Monday, April 29, 2024
Latest:
Gulf

ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ സഹകരണവുമായി ഇന്ത്യയും യുഎഇയും; ഖത്തര്‍ അമീറിന് ഇന്ത്യയിലേക്ക് ക്ഷണം

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സുപ്രധാന കരാറിലേര്‍പ്പെട്ട് ഇന്ത്യയും യുഎഇയും. ഡിജിറ്റല്‍ രംഗത്ത് ഉള്‍പ്പെടെ ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കും. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ് വ്യാപാര ഇടനാഴിക്കായി യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി. ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഖത്തര്‍ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.

വാണിജ്യ നിക്ഷേപ രംഗത്ത് പുതിയ പ്രതീക്ഷയെന്ന് നരേന്ദ്രമോദി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം വിജയകരമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവും അറിയിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ ഖത്തര്‍ മോചിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി മോദി കൂടിക്കാഴ്ച നടത്തുന്നത്.

ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തവും ശക്തവുമാണെന്ന് ദോഹയില്‍ ലഭിച്ച സ്വീകരണത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മോദി പറഞ്ഞു. വ്യാപാരം, നിക്ഷേപം, ഊര്‍ജം, ബഹിരാകാശം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിലാണ് ഇരു നേതാക്കളും പ്രധാനമായും ചര്‍ച്ച നടത്തിയത്.

മോദിയും അമീറും തമ്മിലുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വിശേഷിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയ്ക്കും ക്ഷേമത്തിനും ഖത്തര്‍ നേതൃത്വത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.