National

മഹാരാഷ്ട്ര കോൺഗ്രസിന് തിരിച്ചടി; മുൻ മന്ത്രി ബാബ സിദ്ദിഖ് പാർട്ടി വിട്ടു

Spread the love

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര കോൺഗ്രസിന് വൻ തിരിച്ചടി. മുൻ മന്ത്രി ബാബ സിദ്ദിഖ് പാർട്ടി അംഗത്വം രാജിവെച്ചു. ചെറുപ്പത്തിൽ തന്നെ കോൺഗ്രസിൽ ചേർന്ന ബാബ സിദ്ദിഖ് പാർട്ടിയുമായുള്ള 48 വർഷത്തെ ബന്ധമാണ് ഇതോടെ അവസാനിപ്പിച്ചത്. ‘യാത്ര അതിമനോഹരമായിരുന്നു. എന്നാൽ ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്’-അദ്ദേഹം പ്രതികരിച്ചു.

‘കൗമാരത്തിൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 48 വർഷം നീണ്ടുനിന്ന അവിസ്മരണീയ യാത്രയാണിത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇന്ന് ഞാൻ രാജിവെക്കുന്നു. പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ അവർ പറയുന്നതുപോലെ ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്. ഈ യാത്രയിൽ ഒപ്പം ഉണ്ടായിരുന്നവർക്ക് നന്ദി’- ബാബ സിദ്ദിഖ്.

നിലവിൽ മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റിയുടെയും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പാർലമെൻ്ററി ബോർഡിൻ്റെയും ചെയർപേഴ്‌സണും സീനിയർ വൈസ് പ്രസിഡൻ്റുമാണ് ബാബ സിദ്ദിഖ്. 1999, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎ ആയിരുന്ന സിദ്ദിഖ്, 2004ൽ സംസ്ഥാന മന്ത്രിയായി(ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ, എഫ്ഡിഎ). തുടർച്ചയായി രണ്ട് തവണ മുനിസിപ്പൽ കോർപ്പറേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് (1992-1997).