National

തെലുങ്ക് ദേശം പാർട്ടി വീണ്ടും എൻഡിഎയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആന്ധ്രാപ്രദേശിൽ ബിജെപി-ടിഡിപി സഖ്യസാധ്യത? തെലുങ്ക് ദേശം പാർട്ടി വീണ്ടും എൻഡിഎയിലേക്ക് എന്ന് സൂചന. ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തിനകം സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ടിഡിപി-ബിജെപി സഖ്യം സംബന്ധിച്ച അന്തിമ ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. നേരത്തെ നായിഡുവും ഷായും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചുറ്റിപ്പറ്റിയാണ് ചർച്ച പുരോഗമിക്കുന്നതെന്നാണ് സൂചന. ഇരു പാർട്ടികളും സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അന്തിമ തീരുമാനം ഓരോ പാർട്ടിയും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തെ സംബന്ധിച്ച ഭിന്നതകൾ പരിഹരിക്കുന്നതിനെ ആശ്രയിച്ചായിരിക്കും.

2018 വരെ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) നിർണായക ഘടകമായിരുന്നു ടിഡിപി. എന്നാൽ പിന്നീട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന നായിഡു സംസ്ഥാനങ്ങൾക്കുള്ള ധനസഹായം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ആറുവർഷത്തെ പിണക്കം മറന്നാണ് ഇപ്പോൾ വീണ്ടും ഒന്നിക്കാനുള്ള ഈ നീക്കം.