National

‘പിന്നില്‍ നിന്ന് കുത്തുന്നവരെ ജനം തിരിച്ചറിയും, അല്ലെങ്കിലും ജനം ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്കായി യുഡിഎഫ് സമയം മാറ്റിവച്ചിട്ടുണ്ടോ?’ വിമര്‍ശിച്ച് ഇ പി ജയരാജന്‍

Spread the love

കേന്ദ്രസര്‍ക്കാരിനെതിരായ ഡല്‍ഹി സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളം ദുരിതമനുഭവിച്ചപ്പോഴൊന്നും യുഡിഎഫ് ജനങ്ങള്‍ക്കായി സമയം മാറ്റിവച്ചിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നത് എന്തിനാണെന്നാണ് മാത്രമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ചോദിക്കാനുള്ളതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കേന്ദ്രനയങ്ങള്‍ക്കെതിരായ ഡല്‍ഹി സമരത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ വേളയിലായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

പിന്നില്‍ നിന്ന് കുത്തുന്നവരെ ജനം തിരിച്ചറിയുമെന്നാണ് കോണ്‍ഗ്രസിന് നേരെ ഇ പി ജയരാജന്റെ രൂക്ഷപരിഹാസം. കേരളത്തിന്റെ ഇന്നുവരെയുള്ള ചരിത്രത്തില്‍ ഏതെങ്കിലും ഒരു പദ്ധതിയോട് സഹകരണാത്മകമായ സമീപനം കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ടോയെന്ന് ഇ പി ജയരാജന്‍ ചോദിക്കുന്നു. മഹാമാരികളുടേയും പ്രളയത്തിന്റേയും കാലങ്ങള്‍ കടന്നുപോയി. അപ്പോഴൊക്കെയും കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി അല്‍പ സമയമെങ്കിലും നീക്കിവച്ച പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്നും അദ്ദേഹം ചോദിച്ചു. പ്രളയസമയത്ത് വിദേശത്തുനിന്ന് സഹായം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. ആ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാലറി ചലഞ്ചെന്ന നിര്‍ദേശം വച്ചപ്പോള്‍ അതിനേയും ഇവര്‍ എതിര്‍ത്തില്ലേയെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

കേരള ജനങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന, ജനവിരുദ്ധമായ നിലപാടുകളെടുക്കുന്ന പാര്‍ട്ടിയുടെ സമീപനമാണ് ഡല്‍ഹി സമരത്തിന്റെ കാര്യത്തിലും കാണാനാകുന്നതെന്ന് ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. നാളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി സമരം നടക്കുന്നത്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യതലസ്ഥാനത്തെത്തി. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. ജന്തര്‍മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എന്നിവരും ഡിഎംകെ, സമാജ്‌വാദി, ആര്‍ജെഡി പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. യുഡിഎഫ് വിട്ടു നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കില്ല.