National

പാര്‍ലമെന്റ് അതിക്രമം നിര്‍ഭാഗ്യകരം, രാഷ്ട്രീയവത്ക്കരിക്കേണ്ട കാര്യമില്ല’; പ്രധാനമന്ത്രി

Spread the love

പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലെ സുരക്ഷാ വീഴ്ച നിസാരമായി കാണാൻ സാധിക്കില്ല. പാർലമെന്റ് അതിക്രമത്തെ രാഷ്ട്രീയവത്ക്കരിക്കേണ്ട കാര്യമില്ല. സംഭവം നിര്‍ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

ലോക്‌സഭാ സ്പീക്കര്‍ അതീവ ഗൗരവത്തോടെ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും സംഭവത്തെ ലാഘവത്തോടെ കാണുന്നില്ലെന്നും മോദി പറഞ്ഞു. ദേശീയ മാധ്യത്തോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പാര്‍ലമെന്റില്‍ അരങ്ങേറിയ സംഭവങ്ങളെ ഒരുഘട്ടത്തില്‍ പോലും ലാഘവത്തോടെ സമീപിച്ചിട്ടില്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്.’ പ്രധാനമന്ത്രി പറഞ്ഞു.

ഇതിന് പിന്നിലെ ഘടകങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെല്ലാം മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതും ഒരുപോലെ പ്രധാനമാണ്. തുറന്ന മനസ്സോടെ അന്വേഷണം നടത്തണം. വിവാദങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും പിന്മാറണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സംഭവം നടന്ന് നാലാം ദിവസമാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നത്. ഈ മാസം 13 നാണ് പാർലമെന്റിന്റെ ഗാലറിയിൽ നിന്ന് രണ്ടു ചെറുപ്പക്കാർ എം.പിമാർ ഇരിക്കുന്ന ഭാഗത്തേക്ക് ചാടിവീഴുകയും മുദ്രാവാക്യം വിളിക്കുകയും സ്‌മോക്ക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തത്. ഇതേസമയം തന്നെ പാർലമെന്റിന് പുറത്തും രണ്ടുപേർ പ്രതിഷേധിച്ചിരുന്നു.