National

രജൗരിയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്

Spread the love

ജമ്മു കശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്കേറ്റു. റൈഫിൾമാൻ ഗുരുചരൺ സിംഗിനാണ് പട്രോളിംഗിനിടെ പരിക്കേറ്റത്. അബദ്ധത്തിൽ ലാൻഡ് മൈനിൽ ചവിട്ടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നൗഷേര സെക്ടറിലെ ഫോർവേഡ് കാൽസിയൻ ഗ്രാമത്തിലാണ് സംഭവം.

പരിക്കേറ്റ സിംഗിനെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉധംപൂരിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് എയർലിഫ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. നുഴഞ്ഞുകയറ്റ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി സൈന്യം പലയിടങ്ങളിലായി കുഴിബോംബുകൾ സ്ഥാപിക്കാറുണ്ട്. സായുധരായ തീവ്രവാദികളെ തടയുകയാണ് ലക്ഷ്യം.

എന്നാൽ ചിലപ്പോൾ മഴ കാരണം കുഴിബോംബുകൾക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും അബദ്ധവശാൽ സ്ഫോടനങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.