Kerala

ഡോ.വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പൊലീസിനെ സംശയിക്കാന്‍ മതിയായ കാരണമില്ലെന്ന് ഹൈക്കോടതി

Spread the love

ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണമില്ലെന്നും കേസിൽ ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ വന്ദന ദാസിന്‍റെ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിൽ വീഴ്ചപറ്റിയതായും കാണുന്നില്ല. മറ്റേതെന്തിലും തരത്തിൽ പ്രതിക്ക് ഗൂഢാലോചനയോ മറ്റ് ഉദ്ദേശങ്ങളോ ഇല്ലെന്നും ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2023 മെയ് 10-നാണ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെടുന്നത്. വൈദ്യപരിശോധനയ്‌ക്കായി എത്തിയ പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇത്​ മറച്ചുവെച്ചാണ് അന്വേഷണം നടത്തുന്നതെന്നും ആരോപിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് മാതാപിതാക്കൾ ഹർജി നൽകിയത്.

കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയാറാണെന്ന് സർക്കാർ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ നിലപാട്​ അറിയിക്കാൻ ഹർജിക്കാരോട്​ കോടതി ആവശ്യപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.