Kerala

‘കോടതി വിധിയിൽ സംതൃപ്തർ, ദൈവത്തിൻ്റെ കോടതിയിലും ശിക്ഷ ലഭിക്കും’; രൺജീത്ത് ശ്രീനിവാസൻ്റെ കുടുംബം

Spread the love

കോടതി വിധിയിൽ സംതൃപ്തരാണെന്ന് ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ്റെ കുടുംബം. 770 ദിവസമായി പോരാട്ടം തുടങ്ങിയിട്ട്. കാത്തിരിപ്പിനൊടുവിൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകിയതിൽ സംതൃപ്തരാണ്. ദൈവത്തിൻ്റെ കോടതിയിലും ഇവർക്ക് ശിക്ഷ ലഭിക്കുമെന്നും കുടുംബം.

നഷ്ടം വലുതാണെങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്. സത്യസന്ധമായി കേസ് അന്വേഷിച്ച ഡിവൈഎസ്പി ജയരാജിനും സംഘത്തിനും നന്ദി. പ്രോസിക്യൂട്ടറുടെ പ്രയത്നത്തിനും നന്ദി പറയുന്നു. ഇതൊരു സാധാരണ കൊലപാതക കേസ് പോലെയല്ല. മരണാനന്തര ചടങ്ങുകൾക്ക് പോലും അവശേഷിക്കാത്ത വിധം ക്രൂരമായിരുന്നു കൊലപാതകമെന്നും രൺജീത്തിൻ്റെ വിധവ പറഞ്ഞു.

കോടതിയിൽ നിന്ന് നീതി ലഭിച്ചെന്ന് അമ്മയും പ്രതികരിച്ചു. കോടതി രക്ഷിച്ചു, പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അമ്മ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയാണ് രൺജീത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ പ്രഖ്യാപിച്ചത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷര്‍നാസ് അഷ്‌റഫ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജീത്ത് ശ്രീനിവാസിനെ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വെള്ളക്കിണറിലുള്ള രൺജിത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവത്തിന് തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാന്‍ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.