National

ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമതയുടെ പ്രഖ്യാപനം; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബംഗാളിൽ

Spread the love

കോൺഗ്രസുമായി സഖ്യം ഇല്ലെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിൽ. കൂച്ബീഹാറിൽ രാഹുലിന് വൻ വരവേൽപ്പാണ് ലഭിച്ചത്. മമത ബാനർജിയുമായി രാഹുൽ കൂടിക്കാഴ്ച്ച നടത്തിയേക്കും.

മണിപ്പൂരിൽ നിന്നും ആരംഭിച്ച ഭാരത്‌ ജോഡോ ന്യായ് യാത്ര ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അസാമിലെ ദുബ്രിയിലെ ഗോളക്ഗഞ്ചിൽ നിന്നും രാവിലെ 9 ന് ആരംഭിച്ച യാത്ര, രാവിലെ 10 മണിയോടെയാണ് ബംഗാളിലേക്ക് കടന്നത്.

കൂച്ബീഹാരിലൂടെ ബക്സിർഹട്ടിൽ വൻ ജന പങ്കാളിത്തത്തിൽ നടന്ന ചടങ്ങിൽ ബംഗാൾ പിസിസി അധ്യക്ഷൻ അതിർ രഞ്ജൻ ചൗദരി പതാക ഏറ്റു വാങ്ങി. ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ്, സിപിഐഎം എന്നീ പാർട്ടികളെ യാത്രയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും തൃണമൂൽ പങ്കെടുക്കാനിടയില്ല. അടുത്ത രണ്ടു ദിവസം യാത്രക്ക് അവധിയാണ്. ആ സമയം മമതയുമായി രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ചർച്ച നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു.

അതേസമയം യാത്രക്കിടെ അസമിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, കനയകുമാർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറി. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.