National

നിർണായക തെരഞ്ഞെടുപ്പിന് മുൻപ് നിയമം ഭേദഗതി ചെയ്തു; ഇലക്ടറൽ ബോണ്ടിലേക്ക് പണമൊഴുക്കി റിലയൻസ് ബന്ധമുള്ള കമ്പനികൾ

Spread the love

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻ്റസ്ട്രീസുമായി ബന്ധമുള്ള കമ്പനികൾ 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ സമയത്തും ഇലക്‌ടറൽ ബോണ്ട് വാങ്ങിയെന്ന് രേഖകൾ. ഗുജറാത്ത്, ഹിമാചൽ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പുകൾ 2022 ൽ നടന്നപ്പോൾ സ്പെഷൽ വിൻഡോ സെയിൽ വഴിയും ഈ കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. 2022 ലെ ഈ സ്പെഷൽ വിൻ്റോ സെയിൽ മോദി സർക്കാർ വരുത്തിയ നിയമ ഭേദഗതി വഴിയാണ് തുറന്നത്.

ഇതിലൂടെ ഏറ്റവും കൂടുതൽ ഫണ്ട് കിട്ടിയത് ബിജെപിക്കാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ രേഖകൾ പറയുന്നു. 2017 ലാണ് ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിച്ചത്. സുപ്രീം കോടതി ഉത്തരവ് വഴിയാണ് ഇലക്‌ടറൽ ബോണ്ടുകളുടെ മുഴുവൻ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. എന്നാൽ ഇന്ത്യയിലെ പ്രധാന കമ്പനികളുടെയൊന്നും പേരുകൾ പട്ടികയിലില്ല. അദാനി ഗ്രൂപ്പിൻ്റെയോ ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെയോ പേരിൽ ഇലക്ടറൽ ബോണ്ടുകളൊന്നും വാങ്ങിയിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ റിലയൻസ് ഇൻ്റസ്ട്രീസും ഇലക്ടറൽ ബോണ്ടുകളൊന്നും വാങ്ങിയിട്ടില്ല. എന്നാൽ റിലയൻസ് ഗ്രൂപ്പ് ഡയറക്ടർമാർ ഭാഗമായ സ്ഥാപനങ്ങൾ ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ടുണ്ട്. ഇതിലൊന്നാണ് 410 കോടി രൂപയുടെ ബോണ്ട് വാങ്ങിയ ക്വിക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. ഇവരുടെ മൂന്ന് ഡയറക്ടർമാരിൽ ഒരാളായ തപസ് മിത്ര റിലയൻസ് ഓയിൽ ആൻ്റ് പെട്രോളിയം, റിലയൻസ് ഇറോസ് പ്രൊഡക്ഷൻസ്, റിലയൻസ് ഫോട്ടോ ഫിലിംസ്, റിലയൻസ് ഫയർ ബ്രിഗേഡ്, റിലയൻസ് പോളിസ്റ്റർ തുടങ്ങിയ കമ്പനികളുടെയും ഡയറക്ടറാണ്. താൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻ്റസ്ട്രീസ് ലിമിറ്റഡിൻ്റെ അക്കൗണ്ട്സ് വിഭാഗം തലവനാണ് താനെന്ന് ഇദ്ദേഹം തൻ്റെ ലിങ്ക്ഡ്-ഇൻ പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ക്വിക് സപ്ലൈ ചെയിൻ കമ്പനി റിലയൻസ് ഇൻ്റസ്ട്രീസ് ലിമിറ്റഡിൻ്റെ സഹോദര സ്ഥാപനമല്ല എന്നാൽ റിലയൻസ് തന്നെ വ്യക്തമാക്കിയത്.

റിലയൻസുമായി ബന്ധമുള്ള നെക്സ്‌ജി ഡിവൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഫോടെൽ ബിസിനസ് സൊല്യൂഷൻസ് എന്നീ സ്ഥാപനങ്ങളാണ് ഇലക്ടറൽ ബോണ്ട് വാങ്ങിയ മറ്റ് രണ്ട് കമ്പനികൾ. എൻഡിടിവിയിൽ ഈ കമ്പനികൾക്ക് ഉണ്ടായിരുന്ന 29.18% ഓഹരികൾ ഗൗതം അദാനിക്ക് വിറ്റ സുരേന്ദ്ര ലൂനിയ എന്ന വ്യക്തി മുകേഷ് അംബാനിയുടെ ബിസിനസ് സുഹൃത്താണ്. ഇദ്ദേഹം ഇപ്പോഴും നെക്സ്‌ജി ഡിവൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഫോടെൽ ബിസിനസ് സൊല്യൂഷൻസ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിലുണ്ട്. ലൂനിയ ഇൻഫോടെൽ ഗ്രൂപ്പിൻ്റെ എക്സിക്യുട്ടീവ് ഡയറക്ടറും സിഎഫ്ഒയുമായ കമാൽ കുമാർ ശർമ്മ ഡയറക്ടറായ, ലൂനിയയുമായി നേരിട്ട് ബന്ധമുള്ള ഇൻഫോടെൽ ആക്സസ് എൻ്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഫോടെൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ബോണ്ടുകൾ വാങ്ങിയിരുന്നു.

ഈ സ്ഥാപനങ്ങളെല്ലാം ചേർന്ന് ആകെ 50 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് വാങ്ങിയത്. 2019 മെയ് 9 നായിരുന്നു ഇത്. മോദി സർക്കാരിനെയും ബി.ജെ.പിയെയും വീണ്ടും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പിൻ്റെ ചൂടൻ പോരാട്ടം നടക്കുന്ന കാലത്തായിരുന്നു ഇത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷം ഇലക്ടറൽ ബോണ്ടിൻ്റെ നാല് സെയിൽ വിൻഡോകളാണ് തുറക്കാറുള്ളത്. എന്നാ. 2022 ൽ കേന്ദ്രം ഇത് ഭേദഗതി ചെയ്ത് സ്പെഷൽ വിൻഡോ വഴി ബോണ്ടുകൾ വിൽക്കാൻ അവസരമൊരുക്കി. 2022 നവംബർ ഏഴിന് 7 ദിവസത്തേക്ക് ഇത്തരത്തിൽ സെയിൻ വിൻഡോ തുറന്നു. ഹിമാചൽ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയായിരുന്നു ഈ നീക്കം. ചട്ടം ഭേദഗതി ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ബി.ജെ.പിക്ക് 590 കോടി രൂപ ലഭിച്ചെന്നാണ് കണക്കുകൾ പറയുന്നത്. ആ കാലത്ത് ഇലക്ടറൽ ബോണ്ട് വഴി കമ്പനികൾ നൽകിയ സംഭാവനയുടെ 87% വരുമിത്.

റിലയൻസ് ബന്ധമുള്ള ക്വിക് സപ്ലൈ ചെയിൻ, നെക്സ്‌ജി ഡിവൈസസ് പ്രൈവറ്റ് ലിമിറ്റഡ്, മാൻകൈൻ്റ് ഫാർമ, എന്നീ മൂന്ന് കമ്പനികൾ 164 കോടി രൂപയുടെ ബോണ്ട് ഈ സമയത്ത് വാങ്ങി. 2015 മുതൽ സുരേന്ദ്ര ലൂനിയ മാൻകൈൻഡ് ഫാർമയുടെ ഒൻപത് ഡയറക്ടർമാരിൽ ഒരാളാണ്. ഇദ്ദേഹവുമായി ബന്ധമുള്ള മറ്റൊരു സ്ഥാപനം – എംഎൻ മീഡിയ വെഞ്ച്വേർസ് അഞ്ച് കോടി രൂപയുടെ ബോണ്ടുകൾ ഇതേ കാലത്ത് വാങ്ങി. നെക്സ്‌ജി ഡിവൈസസ് പ്രൈവറ്റ് ലിമിറ്റഡ്, എംഎൻ മീഡിയ വെഞ്ച്വേർസ് കമ്പനികളിൽ സന്ദീപ് ജയ്‌രാത് എന്നയാൾ ഡയറക്ടാണ്. എംഎൻ മീഡിയ വെഞ്ച്വേർസിലെ ഡയറക്ടറായ കുൽവീന്ദർ പാൽ സിങ് സുരേന്ദ്ര ലൂനിയയുടെ ഇൻഫോടെൽ ഗ്രൂപ്പിൽ ഫിനാൻസ് വിഭാഗം സീനിയർ മാനേജറാണ്. സുരേന്ദ്ര ലൂനിയയുടെ ബിനിനസ് സുഹൃത്ത് അങ്കിത് ലൂനിയ ഡയറക്ടറായ ഇൻഫോടെൽ ആക്സസ് എൻ്റർപ്രൈസസും ഈ കാലത്ത് ബോണ്ടുകൾ വാങ്ങിയിരുന്നു.

ഇതേ കാലത്ത് വേദാന്ത ഗ്രൂപ്പ് (11.75 കോടി), യുണൈറ്റഡ് ഫോസ്‌ഫറസ് (50 കോടി) ശ്രീ സിദ്ധാർത്ഥ് ഇൻഫ്രാടെക് സർവീസസ് (30 കോടി) ഡിഎൽഎഫ് (25 കോടി) സിപ്ല (24.2 കോടി), മാരുതി സുസുകി (20 കോടി) കമ്പനികളും ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിരുന്നു.

ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിന് മുൻപ് 2022 പ്രത്യേക വിൻഡോ വഴി 232 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വിറ്റിരുന്നു. ഇതിൽ 165 കോടി രൂപയും ലഭിച്ചത് ബിജെപിക്കായിരുന്നു. ഈ സമയത്ത് ആദിത്യ ബിർള ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികൾ 100 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി. മേഘാ ഇൻ്റസ്ട്രീസ് (56 കോടി) രാംകോ സിമൻ്റ്സ് (15 കോടി), ഫ്യൂച്വർ ഗെയിമിങ് (10) കമ്പനികളും ബോണ്ടുകൾ വാങ്ങി.

ക്വിക് സപ്ലൈ ചെയിൻ 2022 ജനുവരിയിൽ വാങ്ങിയ 410 കോടിയുടെ ബോണ്ടുകളിൽ 225 കോടിയുടേത് ജനുവരി അഞ്ചിനും 10 കോടി രൂപയുടേത് ജനുവരി 10 നുമാണ് വാങ്ങിയത്. ജനുവരി 14 ന് ലോക്കൽ ബാറ്ററി സെൽ നിർമ്മാണം ഉത്തേജിപ്പിക്കാനുള്ള 2.4 ബില്യൺ ഡോളറിൻ്റെ പദ്ധതിക്കുള്ള ലേലത്തിൽ റിലയൻസ് ഗ്രൂപ്പ് ഭാഗമായിരുന്നുവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതേ വർഷം മാർച്ച് മാസത്തിൽ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിൻ്റെ ഒല ഇലക്ട്രികുമായി ചേർന്ന് ഈ ലേലം റിലയൻസ് ഗ്രൂപ്പ് പിടിച്ചു.

ഇലക്ടറൽ ബോണ്ട് വാങ്ങിയ റിലയൻസ് ബന്ധമുള്ള മറ്റൊരു കമ്പനിയാ ഹണിവെൽ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്. 2021 ഏപ്രിൽ എട്ടിന് 30 കോടി രൂപയുടെ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. ഈ കമ്പനിയുടെ ഡയറക്ടർ സത്യനാരായണമൂർത്തി വീര വെങ്കട കോർലെപ് 2005 മുതൽ റിലയൻസ് ഗ്രൂപ്പിൻ്റെ നിരവധി കമ്പനികളിൽ ഡയറക്ടറാണ്. ഈ കമ്പനികളുടെയെല്ലാം വിലാസങ്ങളിലും സാമ്യതയുണ്ട്.