Kerala

മുഖം മിനുക്കിയ സർക്കാരിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ

Spread the love

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയോടെ മുഖം മിനുക്കിയ സർക്കാർ 2024 ൽ നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികൾ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക തന്നെയാണ് എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവർത്തനത്തിന് ആദ്യം വേണ്ടത്. വിഴിഞ്ഞം തുറമുഖത്തേക്ക് അടുത്തവർഷം ചരക്ക് കപ്പിൽ എത്തും എന്നുള്ളതുകൂടി കൊണ്ടാണ് തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുത്തത്.

രണ്ടരവർഷം ഒപ്പമുണ്ടായിരുന്ന രണ്ടു മന്ത്രിമാരുടെ മുൻധാരണ പ്രകാരമുള്ള രാജി. പുതിയ രണ്ടു മന്ത്രിമാരെ മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തൽ. അതിലും ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റ് എന്നോണം വകുപ്പ് മാറ്റം. എന്നിട്ടും എൽഡിഎഫിനുള്ളിൽ ഒരു വിവാദവും ഉണ്ടായില്ല എന്നുള്ളത് തന്നെയാണ് മുന്നണിയുടെ ഏറ്റവും വലിയ ആശ്വാസം. മുൻധാരണയെങ്കിലും ഒരു അസ്വാരസവും ഉണ്ടാവാത്തത് എൽഡിഎഫിനെ കൂടുതൽ കെട്ടുറപ്പുള്ളതാക്കും. അഹമ്മദ് ദേവർകോവിൽ വഹിച്ചിരുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുമെന്നായിരുന്നു അവസാന നിമിഷം വരെയും കരുതിയിരുന്നത്.

എന്നാൽ ആ വകുപ്പ് സിപിഐഎം ഏറ്റെടുത്ത് മന്ത്രി വി.എൻ വാസവന് നൽകി. വരുംവർഷത്തിൽ വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യമായി ചരക്ക് കപ്പൽ എത്തും. സർക്കാരിന് ഏറ്റവും അധികം മൈലേജ് ഉണ്ടാക്കാൻ പോകുന്നതാണ് പദ്ധതി. അതിനാൽ തന്നെ തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുക്കുന്നത് കൃത്യമായ കണക്കുകൂട്ടലും ലക്ഷ്യങ്ങളോടെയുമാണ്. പകരം രജിസ്ട്രേഷനും പുരാവസ്തു മ്യൂസിയം വകുപ്പുകളാണ് രാമചന്ദ്രൻ നൽകുക. തീരുമാനത്തിൽ ഒരു എതിരഭിപ്രായവും കടന്നപ്പള്ളി രാമചന്ദ്രന് ഉണ്ടായതുമില്ല. ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതം ഗണേഷ് കുമാർ കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.

കഴിഞ്ഞ രണ്ടര വർഷം ഏറ്റവും അധികം തൊഴിലാളി സമരങ്ങൾ ഉണ്ടായ പ്രസ്ഥാനമാണ് കെഎസ്ആർടിസി. ആ പ്രതിസന്ധികൾ ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയില്ലെങ്കിലും ഗണേഷ് കുമാറിന് സർക്കാർ തൊഴിലാളി ബന്ധത്തിൽ വിള്ളൽ വീഴ്ത്താതെ കത്ത് സൂക്ഷിക്കാൻ ആകുമെന്ന് മുന്നണി വിലയിരുത്തുന്നു. താൻ അത്ഭുതങ്ങൾ ഒന്നും കാണിക്കില്ലെന്നും എന്നാൽ പ്രകടമായ മാറ്റം കെഎസ്ആർടിസിയിൽ ഉണ്ടാകുമെന്നും ഗണേഷ് കുമാർ നടത്തിയ പ്രസ്താവനയും ശ്രദ്ധേയം. പുതുവർഷത്തിലേക്ക് സർക്കാർ കടക്കുമ്പോൾ വകുപ്പുകളുടെ മുന്നോട്ടുപോക്കിന് സാമ്പത്തിക പ്രതിസന്ധിയാണ് തടസ്സം നിൽക്കുന്നത്.