Kerala

‘സേവനം നൽകാതെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാന വിഷയം, നികുതി അടച്ചോ ഇല്ലയോ എന്നതല്ല’; മാത്യു കുഴൽനാടൻ

Spread the love

മാസപ്പടി വിവാദത്തിൽ ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ. മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോർട്ടിൽ എവിടെയാണ് പരാമർശമെന്ന് കുഴൽനാടൻ ചോദിച്ചു.

നികുതിയച്ചതല്ല മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാനം. സേവനം നൽകാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റ്.പിണറായി വിജയന്‍റെ കുടുംബത്തിന്‍റെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

പരാതിക്കാരനായ തനിക്ക് ധനവകുപ്പ് റിപ്പോർട്ട് കൈമാറിയിട്ടില്ലെന്നും വിമർശനം. ജിഎസ്ടി രജിസ്ട്രേഷന് മുമ്പ് അക്കൗണ്ടിൽ വന്ന 60 ലക്ഷത്തിന്റെ നികുതി അടച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 2018 ജനുവരി ഒന്ന് മുതലാണ് ജിഎസ്ടി ആരംഭിക്കുന്നത്. വീണ പണം വാങ്ങിത്തുടങ്ങിയത് 2017 ജനുവരി ഒന്നുമുതലാണ്.

ഇക്കാലയളവിനിടയില്‍ വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2018 ജനുവരി ഒന്നിനാണ് വീണ ജിഎസ്ടി റജിസ്ട്രേഷന്‍ നടത്തിയത്. ഒരു വര്‍ഷക്കാലം ജിഎസ്ടി റജിസ്ട്രേഷന്‍ ഇല്ലാതെ പണം അടയ്ക്കാന്‍ കഴിയുമോ? നിയമപരമായി ഇത് സാധ്യമല്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.

അച്ഛന് പ്രത്യേക ആക്ഷന്‍ കാണിക്കാനുള്ള വൈഭവം ഉള്ളത് പോലെ വീണാ വിജയന് മാത്രമായി പ്രത്യേക രീതിയില്‍ ജിഎസ്ടി അടയ്ക്കാന്‍ കഴിയുമോ എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.ധനവകുപ്പ് പുറത്തിറക്കിയത് കത്തല്ല ക്യാപ്സൂളാണെന്നും കുഴല്‍നാടന്‍ പരിഹസിച്ചു. താന്‍ ആണോ തന്നെ സംശയത്തിന്‍റെ നിഴലിലാക്കുകയും വിഷയം വഴിതിരിച്ചുവിടുകയും ചെയ്യാന്‍ ശ്രമിച്ച ധനമന്ത്രിയാണോ മാപ്പ് പറയേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.