Tuesday, May 14, 2024
Latest:
Kerala

രാമക്ഷേത്രം, വിശ്വാസികളുള്ള പാർട്ടിയാണ് കോൺ​ഗ്രസ്, അതുകൊണ്ട് നിലപാടെടുക്കാൻ സമയം വേണം; ശശി തരൂർ

Spread the love

ക്ഷേത്രത്തെ രാഷ്ട്രീയ വേദി ആക്കുന്നതിനോട്‌ യോജിപ്പില്ലെന്നും വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും ശശി തരൂർ എം.പി. അതുകൊണ്ടുതന്നെ വ്യക്തികളാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. വ്യക്തികളായി അവിടെ പോകാൻ തങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ സമയവും സാഹചര്യവും ആണ് പ്രധാനം. സി.പി.ഐ.എമ്മിന് മത വിശ്വാസം ഇല്ല. അതുകൊണ്ട് അവർക്ക് പെട്ടെന്ന് തീരുമാനം എടുക്കാം. കോൺ​ഗ്രസ് സി.പി.ഐ.എമ്മോ ബി.ജെ.പിയോ അല്ല. വിശ്വാസികൾ ഉള്ള പാർട്ടിയാണ് കോൺ​ഗ്രസെന്നും അതുകൊണ്ട് നിലപാട് എടുക്കാൻ സമയം വേണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ ഭിന്നതയുണ്ട്. ഇതേതുടർന്ന് ഉദ്ഘാടനത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസിൽ തീരുമാനമായില്ല. പ്രതിഷ്ഠാ ചടങ്ങിൽ ശിവസേന പങ്കെടുത്തേക്കും. ചടങ്ങിൽ കോൺ​ഗ്രസ് പ്രതിനിധികൾ പങ്കെടുക്കരുതെന്നാണ് ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും ആവശ്യപ്പെടുന്നത്.

ചടങ്ങിലേക്ക് സോണിയാ​ഗാന്ധിക്ക് ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. സോണിയ അല്ലെങ്കിൽ കോൺ​ഗ്രസ് പ്രതിനിധികൾ ആരെങ്കിലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസും, ആർജെഡിയും, ജെഡിയുവും ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുന്നത്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്‌ഠ ചടങ്ങുകൾ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി പ്രമുഖകർക്ക് ക്ഷണമുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും.