Kerala

കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസ്; നാല് യുവാക്കളെ അറസ്റ്റ് ചെയ്തു

Spread the love

പാലക്കാട് കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് പൊലീസിന്റെ പിടിയിലായ യുവാക്കൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സാമ്പത്തിക ഇടപാടിലെ പ്രശ്നങ്ങൾ ചോദ്യം ചെയ്തതിന് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നും, ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്. ആക്രമണത്തിനായി യുവാക്കൾ എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടി; പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺ​ഗ്രസ്

ഇന്നലെ രാവിലെയാണ് കണ്ണനൂർ ജംഗ്ഷനിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് , റെനിൽ, അമൽ, സുജിത്ത് എന്നിവർക്ക് നേരെ ആക്രമണമുണ്ടായത്. ‌പരുക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോ റിക്ഷ തൊഴിലാളി 5000 രൂപ പലിശയ്‌ക്കെടുത്തിരുന്നു. അതിൽ രണ്ടുമൂന്ന് അടവ് തെറ്റിയതിനെ തുടർന്ന് ഇന്നലെ രാത്രി അയാളെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. പ്രശ്‌നം അവസാനിപ്പിക്കാൻ വേണ്ടി ഇടപെടുകയും അത് പരിഹരിക്കാനുള്ള വഴികൾ പറയുകയും ചെയ്തതാണ് പ്രവർത്തകർ. എന്നാൽ രാവിലെ ഓഫീസിലിരിക്കെ മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.