Friday, May 17, 2024
Latest:
Kerala

കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം; കൊണ്ടും കൊടുത്തും യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ പ്രവർത്തകർ, പെപ്പർ സ്പ്രേയും

Spread the love

ഡി വൈ എഫ് ഐ പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസുകാർ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. ആന്ദബല്ലീശ്വരം ക്ഷേത്രത്തിന് സമീപം മഹിളാ കോൺഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം അണിഞ്ഞ് കരിങ്കൊടി കാണിച്ചു. കരുനാഗപ്പള്ളിയിൽ കരിങ്കൊടിയും കറുത്ത ബലൂണും കരിങ്കൊടിയും ഉയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചവറയിലും അറസ്റ്റുണ്ടായി. കരുനാഗപ്പളളിയിലും ശക്തികുളങ്ങരയിലും നിരവധി പേരെ കരുതൽ കസ്റ്റഡിയിലെടുത്തു.

ഇതിനിടെ, നവകേരള സദസ്സിനെതിരായ പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പൊലീസ് നടപടിയില്‍ സമരം കടുപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ശനിയാഴ്ച കെപിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഡിജിപി ഓഫിസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. പാര്‍ട്ടി ഭാരവാഹികളും മുതിര്‍ന്ന നേതാക്കളും മാര്‍ച്ചിലുണ്ടാകും. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും സിപിഎം പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചിട്ടും വേണ്ടത്ര പ്രതിഷേധം കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സമരമുഖം ശക്തമാക്കുന്നത്.

മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ അഞ്ചുലക്ഷത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നാളെ പൊലീസ് സ്റ്റേഷനുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 564 സ്റ്റേഷനുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയോ? മുഖ്യഗുണ്ടയോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് സിപിഎം-സംഘപരിവാര്‍ രാഷ്ട്രീയപോരാട്ടമായി മാറുമ്പോള്‍ കാഴ്ചക്കാര്‍ മാത്രമാകരുതെന്ന ആലോചനയില്‍നിന്നാണ് കോണ്‍ഗ്രസ് പ്രതിപക്ഷസമരത്തിന് മൂര്‍ച്ച കൂട്ടുന്നത്.