Kerala

‘മാസപ്പടിയിൽ ധനവകുപ്പ് തെറ്റിദ്ധരിപ്പിച്ചു, മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൊള്ളയ്ക്ക് സർക്കാർ സംവിധാനം’; മാത്യു കുഴൽനാടൻ

Spread the love

മാസപ്പടിയിൽ ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ച് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകൾ വീണ അടച്ച നികുതിയുടെ കണക്കിൽ ധനവകുപ്പ് തെറ്റിദ്ധരിപ്പിച്ചുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ചോദിക്കുന്ന വിവരങ്ങൾക്ക് മറുപടിയില്ല. പൗരൻ എന്ന പരിഗണന പോലും നൽകുന്നില്ല. അഴിമതി മറയ്ക്കാൻ സർക്കാർ സംവിധാനം.

മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൊള്ളയ്ക്ക് സർക്കാർ സംവിധാനത്തെ കൂട്ട് നിർത്തുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. മാസപ്പടി എന്ന വിഷയത്തിലെ 1.72 കോടിയിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടിയിട്ടുണ്ടോ എന്നതാണ് എന്റെ ചോദ്യം. വിജിലൻസിലടക്കം കൊടുത്ത കത്തുകളിൽ സർക്കാർ മറുപടി നൽകുന്നില്ല. മാസപ്പടി വിഷയത്തിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.

വിഷയത്തിൽ കൃത്യമായ രേഖകൾ സമർപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ, മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഒരു എം.എൽ.എ എന്ന നിലയിൽ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം സർക്കാർ നൽകുന്നില്ല. നിർണായകമായ വിഷയങ്ങൾ ചോദിക്കുമ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണ്.

ഇത് എം.എൽ.എയെന്ന നിലയിൽ എന്‍റെ അവകാശത്തിന്‍റെ ലംഘനം കൂടിയാണ്.ആർ.ടി.ഐ പ്രകാരം ഒരു സാധാരണ പൗരൻ എന്തെങ്കിലും വിവരങ്ങൾ ആവശ്യപ്പെട്ടാൽ അത് ഒരു മാസത്തിനകം നൽകണമെന്നാണ് നിയമം. എന്നാൽ, ഒരു എം.എൽ.എ എന്ന നിലയിൽ ഞാൻ കൊടുത്ത കത്തുകൾക്ക് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. മാസപ്പടി വിവാദം മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കണം എന്നതാണ് ഇതിന് പിന്നിൽ” – – മാത്യു കുഴൽ നാടൻ വ്യക്തമാക്കി.