National

മല്ലികാർജുൻ ഖർ​ഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് I.N.D.I.A; പേര് നിർദേശിച്ചത് മമതാ ബാനർജിയും അരവിന്ദ് കെജ്‍രിവാളും

Spread the love

കോൺ​ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖർ​ഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി പ്രതിപക്ഷ മുന്നണി I.N.D.I.A. ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമാണ് മല്ലികാർജുൻ ഖർ​ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ചത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച ശേഷം ഇക്കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് ഖർ​ഗെ പ്രതികരിച്ചത്.

സീറ്റ് വിഭജന ചർച്ചകൾ ജനുവരിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അടിച്ചമർത്താനുള്ള നീക്കം പ്രതിപക്ഷം എതിർക്കുമെന്ന് I.N.D.I.A നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിമാർക്കെതിരായ കൂട്ട നടപടി ജനാധിപത്യ വിരുദ്ധമാണ്. ഒറ്റക്കെട്ടായി മുന്നോട്ട് പോകും.

രാജ്യ വ്യാപക പ്രതിഷേധത്തിനാണ് I.N.D.I.A ഒരുങ്ങുന്നത്. ഡിസംബർ 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. പാർലമെന്റ് ആക്രമണത്തിൽ പ്രധാനമന്ത്രി അല്ലെങ്കിൽ ആഭ്യന്തര മന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണം. സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും വിജയിക്കുകയാണ് ലക്ഷ്യമെന്നും ഖർ​ഗെ വ്യക്തമാക്കി.