National

മഹുവ മൊയ്‌ത്രയുടെ ഹർജി ജനുവരി 3ന് പരിഗണിക്കും

Spread the love

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര നൽകിയ ഹർജി സുപ്രീം കോടതി ജനുവരി മൂന്നിലേക്ക് മാറ്റി. വിഷയം പഠിക്കാൻ സമയം വേണമെന്ന് കോടതി പറഞ്ഞു. ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് മഹുവയുടെ പാർലമെന്റ് അംഗത്വം കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു.

പാർലമെന്റിൽ അവതരിപ്പിച്ച എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ മഹുവയ്‌ക്കെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ചർച്ച ചെയ്ത ശേഷം ശബ്ദവോട്ടോടെ പാസാക്കി. എംപി മഹുവ മൊയ്‌ത്രയുടെ പെരുമാറ്റം അധാർമ്മികവും എംപിക്ക് ചേരാത്തതുമാണെന്ന സമിതിയുടെ നിഗമനം സഭ അംഗീകരിക്കുന്നതായി സ്പീക്കർ ഓം ബിർള ചൂണ്ടിക്കാട്ടി.

ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചത്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ റിയൽ എസ്റ്റേറ്റ് വ്യവസായി ഹിരാനന്ദാനിയിൽ നിന്ന് ടിഎംസിയുടെ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും സുഹൃത്ത് ഹിരാനന്ദാനിയുമായി പങ്കുവെച്ചതിനും മഹുവയ്‌ക്കെതിരെ ആരോപണമുണ്ട്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണം ആദ്യം ഉന്നയിച്ചത്.