National

രാജസ്ഥാനിൽ ബിജെപിയുടെ സർപ്രൈസ്; കന്നി എംഎൽഎ ഭജൻലാൽ ശർമ പുതിയ മുഖ്യമന്ത്രി

Spread the love

രാജസ്ഥാനിൽ കന്നി എംഎൽഎയെ മുഖ്യമന്ത്രിയാക്കി ബിജെപിയുടെ സർപ്രൈസ്. ഭജൻലാൽ ശർമയെ രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രിയായി ബിജെപി നിശ്ചയിച്ചു. സാങ്കനേറിൽ നിന്നുള്ള എംഎൽഎയാണ് ഭജൻലാൽ ശർമ. ബ്രാഹ്മണ വിഭാ​ഗത്തിൽ നിന്നുള്ള നേതാവും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം. ദിയാ കുമാരിയും പ്രേം ചന്ദ് ബൈർവയും രാജസ്ഥാന്റെ പുതിയ ഉപമുഖ്യമന്ത്രിമാരാകും. വാസുദേവ് ദേവ്നാനിയാകും നിയമസഭാ സ്പീക്കർ.

മുൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ, ഗജേന്ദ്ര ഷെഖാവത്ത്, മഹന്ത് ബാലക്‌നാഥ്, ദിയാ കുമാരി, അനിത ഭാദേൽ, മഞ്ജു ബാഗ്‌മർ, അർജുൻ റാം മേഘ്‌വാൾ മുതലായവരുടെ പേരുകൾ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന വേളയിൽ സജീവമായി ചർച്ചയിലുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി ഭജൻലാൽ ശർമയെ പുതിയ മുഖ്യമന്ത്രിയായി കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ് പ്രഖ്യാപിക്കുകയായിരുന്നു. വസുന്ധരരാജെ സിന്ധ്യയാണ് ഭജൻലാൽ ശർമയുടെ പേര് മുന്നോട്ടുവച്ചത്.

ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയായി നാലുടേമുകളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭജൻ ലാൽ ശർമ. 97,081 വോട്ടുകൾ നേടിയ കോൺ​​ഗ്രസിന്റെ പുഷ്പേന്ദ്ര ഭരദ്വാജിനെ തറപറ്റിച്ചാണ് 145,162 വോട്ടുകൾ നേടി ഭജൻലാൽ സഭയിലെത്തുന്നത്. കന്നി എംഎൽഎ ആണെങ്കിലും ഭജൻ ലാൽ ശർമ കാലങ്ങളായി ആർഎസ്എസിലും എബിവിപിയിലും പ്രവർത്തിച്ചുവരികയായിരുന്നു.