National

മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു

Spread the love

ഇന്റർനെറ്റ് നിരോധനം പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്‌നൗപാൽ ജില്ലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിൽ ഉച്ചയോടെയാണ് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ഉച്ചയോടെയാണ് സംഘർഷത്തെക്കുറിച്ച് വിവരം ലഭിച്ചത്. പ്രദേശത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയായിരുന്നു സുരക്ഷാ സേനയുടെ സാന്നിധ്യമുള്ളത്. സൈന്യം ഗ്രാമത്തിലെത്തി തെരച്ചിൽ ആരംഭിച്ചു. പരിശോധനയിൽ ലെയ്തു ഗ്രാമത്തിൽ നിന്ന് 13 മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹത്തിന് സമീപം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുരക്ഷാസേന അറിയിച്ചു.

മരിച്ചവർ ലെയ്തു മേഖലയിൽ നിന്നുള്ളവരല്ല. മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ സ്ഥിരീകരിച്ചിട്ടില്ല. മണിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിൽ കഴിഞ്ഞ ഏഴ് മാസമായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ചയാൻ സർക്കാർ ഈ നിരോധനം പിൻവലിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ അക്രമസംഭവം.