National

“ജനസേവനത്തിനാണ് ഞാൻ ജനിച്ചത്”: പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണി തടയുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി മുൻഗണന നൽകുന്നതെന്നും മോദി.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസേവനത്തിനാണ് താൻ ജനിച്ചത്. ജനങ്ങളെ സേവിക്കാനുള്ള ജോലി തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ മോദി ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.

കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം രാജ്യത്ത് തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും വീര്യം വർദ്ധിക്കുകയാണ്. നക്സൽ അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടു. സമീപകാലത്ത് നിരവധി ബിജെപി പ്രവർത്തകർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മോദി ആരോപിച്ചു.

ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി മുൻഗണന നൽകുന്നത്. ‘ആദിവാസി’ കുടുംബത്തിൽ നിന്ന് ഒരു സ്ത്രീ ഇന്ത്യയുടെ രാഷ്ട്രപതിയാകുമെന്ന് ആരെങ്കിലും കരുതിയിരുന്നോ?-മോദി ചോദിച്ചു. ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 20 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17ന് നടക്കും. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.