National

യെമനിൽ പോകാൻ അനുമതി നൽകണം; നിമിഷപ്രിയയുടെ അമ്മ സുപ്രിം കോടതിയെ സമീപിച്ചു

Spread the love

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ അമ്മ സുപ്രിംകോടതിയെ സമീപിച്ചു. യമൻ യാത്രയ്ക്കുള്ള അനുമതി തേടി സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ യമൻ യാത്ര അനിവാര്യമാണെന്ന് അമ്മ പ്രേമകുമാരി ഹർജിയിൽ പറയുന്നു. യമൻ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് ഹർജി.

നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. യെമെനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും അവിടെ സഹായത്തിന് നയതന്ത്ര പ്രതിനിധികൾ ഇല്ലെന്നും മന്ത്രാലയം മറുപടിയിൽ പറഞ്ഞു. സുരക്ഷാ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തത്കാലം യാത്ര ചെയ്യരുതെന്നുമാണ് മറുപടിയിൽ പറയുന്നത്.

നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന്‌ വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കി. എന്നാല്‍ നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു.