Gulf

വമ്പൻ കരാർ; ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ ഓഹരികള്‍ സൗദി അറേബ്യ സ്വന്തമാക്കുന്നു

Spread the love

റിയാദ്: ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെൻറ് ഫണ്ടും സ്പാനിഷ് പശ്ചാത്തല വികസന ഭീമനായ ഫെറോവിയല്‍ കമ്പനിയും ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചു.

കരാര്‍ അനുസരിച്ച് ഹീത്രു എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സിന്റെ ഹോള്‍ഡിങ് സ്ഥാപനമായ എഫ്ജിപി ടോപ്‌കോയുടെ ഓഹരികള്‍ പിഐഎഫ് സ്വന്തമാക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ഹീത്രുവിലെ നിക്ഷേപാവസരം പ്രയോജനപ്പെടുത്താനാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആഗ്രഹിക്കുന്നത്. ഹീത്രു എയര്‍പോര്‍ട്ടിന്റെ 10 ശതമാനം ഓഹരികള്‍ 300 കോടി ഡോളറിനാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് വില്‍ക്കുന്നതെന്ന് 2006 മുതല്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ ഓഹരി പങ്കാളിത്തമുള്ള ഫെറോവിയല്‍ പറഞ്ഞു.

ഓഹരി ഇടപാട് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പറഞ്ഞു. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്കും സിങ്കപ്പൂര്‍ സോവറീന്‍ വെല്‍ത്ത് ഫണ്ടിനും ഓസ്‌ട്രേലിയന്‍ റിട്ടയര്‍മെന്റ് ട്രസ്റ്റിനും ചൈന ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനും എഫ്ജിപി ടോപ്‌കൊയില്‍ ഓഹരി പങ്കാളിത്തമുണ്ട്.