Gulf

തന്നെ വിവാഹം കഴിപ്പിച്ചയയ്ക്കാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍; 9 മിനിറ്റിനുള്ളില്‍ പരാതിയില്‍ തീരുമാനമെടുത്ത് കോടതി

Spread the love

തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയാണ് പരാതി സ്വീകരിച്ചതും വിചാരണ നടന്നതും.

സൗദിയിലെ ഒരു വനിതാ അധ്യാപികയാണ് പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തനിക്ക് പ്രായം 30 പിന്നിട്ടിട്ടും വിവാഹം കഴിപ്പിക്കാന്‍ പിതാവ് തയാറാകുന്നില്ലെന്നും വിവാഹാലോചനകളെല്ലാം ഒരു കാരണവുമില്ലാതെ പിതാവ് തള്ളിക്കളയുന്നതായും യുവതി പരാതിപ്പെട്ടു. മാതാവ് സമ്മതിച്ചിട്ടും തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാന്‍ പിതാവ് സമ്മതിക്കുന്നില്ല എന്ന് പരാതിയില്‍ പറയുന്നു. പരാതി കേട്ട റിയാദ് മേഖലയിലെ പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതി റിക്കോര്‍ഡ് സമയത്തിനുള്ളില്‍ തീരുമാനമെടുത്തു. 9 മിനുട്ടിനുള്ളില്‍ യുവതിയുടെ രക്ഷാകര്‍തൃത്വം പിതാവില്‍ നിന്നും കോടതിയിലേക്ക് മാറ്റി. പിന്നീട് അപ്പീല്‍ കോടതിയും ഈ വിധി അംഗീകരിച്ചു.

പിതാവിനും മകള്‍ക്കുമിടയില്‍ അനുരഞ്ജനത്തിന് കോടതി ശ്രമിച്ചെങ്കിലും അതിനുള്ള വഴിയടഞ്ഞപ്പോഴാണ് രക്ഷാകര്‍തൃത്വം മാറ്റിയത്. കോടതിയുടെ രക്ഷാകര്‍തൃത്വത്തില്‍ യുവതിക്ക് ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാമെന്ന് കോടതി പറഞ്ഞു. സുഹൃത്തിന്റെ സഹോദരനുമായാണ് യുവതിയുടെ വിവാഹം നടക്കുന്നത്. അതേസമയം വിവാഹ മോചിതയായ യുവതി അനുസരണക്കേട് കാണിക്കുന്നുണ്ടെന്ന് പിതാവ് കോടതിയില്‍ പരാതി പറയുകയും ചെയ്തു. നേരിട്ടു കോടതിയില്‍ പോകാതെ നാജിസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് യുവതി കോടതിയില്‍ പരാതി നല്കിയത് എന്നതും ശ്രദ്ധേയമാണ്. പരാതി നല്‍കി 5 ദിവസത്തിനുള്ളില്‍ കേസ് പരിഗണിക്കുന്ന വിവരം ടെക്സ്റ്റ് മെസ്സേജ് ആയി യുവതിക്ക് ലഭിക്കുകയും ചെയ്തു.